fbwpx
നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല; അനധികൃത ഖനന ആരോപണങ്ങള്‍ തള്ളി ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി
logo

ന്യൂസ് ഡെസ്ക്

Posted : 21 Feb, 2025 08:45 PM

ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച കളക്ടര്‍ക്ക് എതിരെയും സി.വി. വര്‍ഗീസ് രംഗത്തെത്തി.

KERALA


അനധികൃത ഖനന ആരോപണങ്ങള്‍ തള്ളി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. മക്കളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ താന്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും നിയമവിരുദ്ധമായ ഒന്നും തന്നെ മക്കള്‍ ചെയ്തിട്ടില്ലെന്നും ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നും സി.വി. വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനധികൃത ഖനന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് കളക്ടര്‍ക്ക് എതിരെയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് രംഗത്തെത്തി. പേരില്ലാ പരാതിയില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ആലോചനയില്ലാതെയാണ്. ഇതില്‍ ഗൂഢാലോചന ഉണ്ടെന്നും സി.വി. വര്‍ഗീസ് ആരോപിച്ചു.

'പൊതു പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ജോലി ചെയ്യാനും സമൂഹത്തില്‍ ജീവിക്കാനും നിയമപരമായി കാര്യങ്ങള്‍ ചെയ്യാനും അവകാശമുണ്ട്. ഏതെങ്കിലും ആളുകള്‍ ഒരു പരാതി അയച്ചാല്‍ അതിന്റെ പേരില്‍ ഇങ്ങനെ ഒരു അന്വേഷണം നടത്താന്‍ ഉത്തരവിടുകയും അത് മാധ്യമങ്ങളില്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നത് അനുചിതമാണോ എന്ന് ഉത്തരവിട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. അത്തരമൊരു പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റി കരുതുന്നില്ല,' സി.വി. വര്‍ഗീസ് പറഞ്ഞു.


ALSO READ: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം



അനധികൃത പാറപൊട്ടിക്കലും മണ്ണ് കടത്തും നടത്തിയെന്ന പരാതിയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനും മകനും മരുമകനുമെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. സബ് കളക്ടറെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല, പീരുമേട്, ഇടുക്കി, ദേവികുളം തുടങ്ങിയ പ്രദേശങ്ങളില്‍ കുളം നിര്‍മാണത്തിന്റെ പേരിലും റോഡ് നിര്‍മാണത്തിന്റെ പേരിലും വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുപ്പും അധികൃതരുടെ ഒത്താശയോട് കൂടി നടക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജില്ലാ സെക്രട്ടറിക്കും കുടുംബത്തിനും ഇപ്പോള്‍ 15 ടിപ്പര്‍, എട്ട് ടോറസ്, 18 ബസ്, നാല് ഹിറ്റാച്ചി, നാല് ജെസിബി, ഇന്നോവ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ പൂമ്പാറയില്‍ ഏക്കര്‍ കണക്കിന് ഏലത്തോട്ടം, കോടിക്കണക്കിന് രൂപയുമുണ്ട്. ഇത് ചെറിയ കാലയളവിനുള്ളില്‍ സാമ്പാദിച്ചിട്ടുണ്ട്. ഇവരുടെ ഗുണ്ടായിസം മൂലം പാവപ്പെട്ട പലയാളുകള്‍ക്കും ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇവരുടെ മുന്നില്‍ പൊലീസ് അടക്കമുള്ളയാളുകള്‍ കണ്ണടയ്ക്കുകയാണെന്നും പരാതിയില്‍ പറയുന്നു.


Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ