യുജിസി കരട് നിർദേശത്തിനെതിരായ കൺവെൻഷനിലെ ഉത്തരവ് സർക്കാർ തിരുത്തിയതിനെയും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ന്യായീകരിച്ചു
ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ തല്ലിയത് ന്യായീകരിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പ്രസ്താവനയെ തള്ളി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. ടി.പി. ശ്രീനിവാസനെ മർദിച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നെന്ന് വി.പി. സാനു പറഞ്ഞു. ചീത്ത വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്. കേട്ടു നിൽക്കാനുള്ള സഹിഷ്ണുത എല്ലാവർക്കും എപ്പോഴും ഉണ്ടാകണമെന്നില്ലെന്നും വി.പി. സാനു പറഞ്ഞു.
യുജിസി കരട് നിർദേശത്തിനെതിരായ കൺവെൻഷനിലെ ഉത്തരവ് സർക്കാർ തിരുത്തിയതിനെയും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ന്യായീകരിച്ചു. ഭരണഘടനാ സംവിധാനത്തിൽ സർക്കാരിന് ചിലപ്പോൾ അത്തരം നിലപാട് എടുക്കേണ്ടി വരുമെന്നാണ് വിശദീകരണം. ടി.പി. ശ്രീനിവാസനെ മർദിച്ച സംഭവത്തിൽ ആരെയും ന്യായീകരിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികൾ പ്രതികരിക്കും പോലെയാണോ മന്ത്രി എന്ന നിലയിൽ താൻ പ്രതികരിക്കുക എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
യുഡിഎഫ് ഭരണകാലത്ത് സ്വകാര്യ സർവകലാശാലകൾക്ക് എതിരായ പ്രതിഷേധത്തിനിടെയായിരുന്നു ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ മർദിച്ചത്. സ്വകാര്യ സർവകലാശാലകളോടുള്ള ഇടതു സർക്കാരിന്റെ നയം തിരുത്തുമ്പോൾ ടി.പി.ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പു പറയണമെന്ന ആവശ്യം ഉയർന്നിരുന്നു. പിന്നാലെയാണ് മുൻ വൈസ് ചെയർമാനെ അടിച്ചത് മഹാ അപരാധമായി കാണുന്നില്ലെന്നും അദ്ദേഹത്തെ അടിക്കണം എന്ന് തീരുമാനിച്ച് പോയതല്ലെന്നുമുള്ള വിശദീകരണവുമായി പി.എം. ആർഷോ രംഗത്തെത്തിയത്.
20 വർഷം മുൻപ് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്താണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ സ്വകാര്യ സർവകലാശാല എന്ന പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. എസ്എഫ്ഐ അന്നു പദ്ധതിയെ എതിർത്തിരുന്നു. പിന്നാലെ ആഗോള വിദ്യാഭ്യാസ സംഗമത്തിനു കോവളത്തെത്തിയ ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു.