ഇന്നലെയാണ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യമായി കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷിരി ബിബാസിന്റെ മൃതദേഹ ഭാഗങ്ങള്‍ മറ്റ് ശരീരാവശിഷ്ടങ്ങളുമായി കൂടിക്കലർന്നതായി ഹമാസ്. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളിൽ ഷിരി ബിബാസിന്റെ ഭൗതിക ശരീരമില്ലെന്ന് ഇസ്രയേൽ ആരോപിച്ചതിനെ തുടർന്നാണ് വിശദീകരണം. ഹമാസ് നടത്തിയത് കരാർ ലംഘനമാണെന്നും ഇസ്രയേൽ കുറ്റപ്പെടുത്തിയിരുന്നു.
Also Read: ഇസ്രയേലിലെ സ്‌ഫോടന പരമ്പര ഭീകരാക്രമണമെന്ന് സംശയം; വെസ്റ്റ് ബാങ്കിൽ സൈനിക നടപടിക്ക് നെതന്യാഹു
2023 ഒക്ടോബർ 7ന് ബന്ദിയാക്കപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ ഷിരി ബിബാസിന്റെയല്ല, മറിച്ച് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലാത്ത ഒരു ഗാസ വനിതയുടേതാണ് മൃതദേഹം എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലിന്റെ ആരോപണത്തെ ഗൗരവതരമായി കാണുന്നുവെന്നും വിഷയം പരിശോധിക്കുമെന്നും ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഷിരിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കടിയിൽ മറ്റ് മൃതദേഹങ്ങളുമായി കലർന്ന് ഛിന്നഭിന്നമായ നിലയിലായിരുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഇസ്മായിൽ അൽ-തവാബ്തെയും പറഞ്ഞു. ഷിരി ബിബാസും അവരുടെ രണ്ട് മക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ഒരു വർഷമായി ഹമാസ് അവകാശപ്പെടുന്നു. എന്നാൽ ഹമാസ് തടവിൽ വെച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലിന്റെ വാദം.
Also Read: കൈമാറിയ 4 മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിയാനായില്ല; ഹമാസ് നടത്തിയത് കരാര്‍ ലംഘനമെന്ന് ഇസ്രയേല്‍
ഇന്നലെയാണ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യമായി കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ 9 മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്. എന്നാൽ ഇസ്രയേൽ പരിശോധനയിൽ മൃതദേഹം ഷിരിയുടേതല്ലെന്ന് കണ്ടെത്തി. ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് തടിച്ചുകൂടിയ ജനങ്ങളിൽ പലരും പലസ്തീൻ പകാത ഉയർത്തി പിടിച്ച് കൊണ്ടാണ് നിന്നിരുന്നത്. ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നായിരുന്നു ഹമാസിൻ്റെ അവകാശവാദം.