fbwpx
ആരിഫ് മുഹമ്മദ് ഖാന്‍: ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ യുവമുഖം, ഇന്ന് ബിജെപിയുടെ രാഷ്ട്രീയ ആയുധം
logo

ന്യൂസ് ഡെസ്ക്

Posted : 24 Dec, 2024 11:42 PM

യുപി മുഖ്യമന്ത്രിയായിരുന്ന ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയാണ് ഖാന്റെ രാഷ്ട്രീയ ഇന്നിങ്‌സിന് തുടക്കമായത്

KERALA

ആരിഫ് മുഹമ്മദ് ഖാന്‍


ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവർണർ സ്ഥാനത്ത് നിന്നും മാറുന്നതോടെ നീണ്ട കാലത്തെ സർക്കാർ-ഗവർണർ രാഷ്ട്രീയ പോരിന് കൂടിയാണ് താല്‍ക്കാലിക വിരാമമാകുന്നത്. ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ, 2019ലാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. പിന്നീട് കേരളം കണ്ടത് ഭരണഘടനാ പദവിക്കപ്പുറം, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി ഗവര്‍ണര്‍ പ്രവർത്തിക്കുന്ന കാഴ്ചയാണ്. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍, നിയമസഭ പാസാക്കിയ ബില്ലുകളോടുള്ള നിഷേധാത്മക നിലപാട്, ചാനല്‍ മൈക്കുകള്‍ക്കു മുന്നില്‍ നടത്തുന്ന പ്രതികരണങ്ങള്‍ എന്നിങ്ങനെ വിവാദങ്ങളുടെ നാള്‍വഴി സൃഷ്ടിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഹാറിലാണ് ഖാന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറില്‍ ഗവർണറായി നിയമിക്കുന്നതിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. അത് എന്തെന്ന് മനസിലാകണമെങ്കില്‍ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ഭൂതകാലത്തിലൂടെ സഞ്ചരിക്കണം.

ഭാരതീയ ക്രാന്തി ദളിലൂടെ രാഷ്ട്രീയ ഇന്നിങ്‌സിന് തുടക്കം

1951ല്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജനനം. ഡല്‍ഹി ജാമിയ മിലിയ സ്‌കൂള്‍, അലിഗഢ് സര്‍വകലാശാല, ഷിയാ കോളേജ്, ലഖ്‌നൗ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി നേതാവായാണ് പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. 1971-72 കാലത്ത് അലിഗഢ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. തൊട്ടടുത്ത വര്‍ഷം യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തിന് മുതല്‍ക്കൂട്ടായത്. യുപി മുഖ്യമന്ത്രിയായിരുന്ന ചരണ്‍ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലൂടെ ഖാന്റെ രാഷ്ട്രീയ ഇന്നിങ്‌സിന് തുടക്കമായി. 1977ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് എംഎല്‍എ ആകുമ്പോള്‍ ഖാന്‍റെ പ്രായം 26 ആയിരുന്നു.


കോണ്‍ഗ്രസിന്റെ യുവമുഖം, ജനതാദളിന്‍റെയും


അധികകാലം ആരിഫ് മുഹമ്മദ് ഖാന്‍ ഭാരതീയ ക്രാന്തി ദളില്‍ തുടർന്നില്ല. 1980ല്‍ ദള്‍ വിട്ട് ഖാന്‍ കോണ്‍ഗ്രസില്‍ എത്തി. വെറുതെയായിരുന്നില്ല ആ വരവ്. എഐസിസി ജോയിന്റ് സെക്രട്ടറി സ്ഥാനം കിട്ടി, പിന്നാലെ ലോക്‌സഭാ സീറ്റും. കാണ്‍പൂരില്‍നിന്ന് ജയിച്ച് ലോക്‌സഭയിലുമെത്തി. ഇന്ദിരാ ഗാന്ധി സര്‍ക്കാരില്‍ ഉപമന്ത്രിയും സഹമന്ത്രിയുമൊക്കെയായി, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1984ല്‍ ബറൈച്ചില്‍ നിന്നും ജയം ആവര്‍ത്തിച്ചു. ഊര്‍ജം, വ്യവസായ, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം. കേന്ദ്രീയ ഹിന്ദി സമിതി അംഗം, പാര്‍ലമെന്ററി കമ്മിറ്റി അംഗം എന്നിങ്ങനെ കോണ്‍ഗ്രസിന്റെ യുവമുഖങ്ങളില്‍ ഒന്നായി ഖാന്‍ മാറി. പക്ഷേ, കോണ്‍ഗ്രസിലും ഖാന്‍ അധികകാലം തുടര്‍ന്നില്ല.ഷാബാനു ബീഗം കേസിലെ കോടതി വിധിക്കെതിരെ നിലകൊണ്ട രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചതോടെ, നില്‍ക്കക്കള്ളിയില്ലാതെ 1986ല്‍ ഖാന്‍ കോണ്‍ഗ്രസ് വിടേണ്ടിവന്നു. ആറ് വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഖാന്‍ ചെന്നുകയറിയത് വി.പി സിങ്ങിന്റെ ജനതാദളിലേക്കായിരുന്നു.

1989ല്‍, ജനതാ ദളും മറ്റു ചെറുകക്ഷികളും സഖ്യമായാണ് പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് വിരുദ്ധ വികാരം ശക്തമായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബറൈച്ചില്‍ ജയിച്ച് വീണ്ടും ലോക്‌സഭയിലെത്തിയ ഖാനെ കാത്തിരുന്നത് കേന്ദ്ര മന്ത്രിസ്ഥാനമായിരുന്നു. 1989-90 വരെ വ്യോമയാന-ഊര്‍ജ വകുപ്പ് മന്ത്രിയായി.

അടുത്ത ചില്ല ബിഎസ്പി

ഭരണം നഷ്ടപ്പെട്ട് ജനതാദള്‍ അപ്രസക്തമായി തുടങ്ങിയ നാളുകളില്‍, 1998ല്‍ ഖാന്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറി. അതേവര്‍ഷം ബറൈച്ചില്‍ നിന്നും വീണ്ടും ലോക്‌സഭയിലെത്തി. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നാണ് ഖാന്‍ ബിജെപിയുമായി സഖ്യത്തിലായിരുന്ന ബിഎസ്പി വിടുന്നത്. വിദ്വേഷ പ്രചാരണത്തിനും നിഷ്ഠൂരവും വികൃതവുമായ ആക്രമണങ്ങള്‍ക്കുമെതിരെ എല്ലാവരും പ്രതികരണവും പ്രതിരോധവും തീര്‍ക്കുമ്പോള്‍ ബിഎസ്പി അവരുമായി സഹകരിക്കുന്നത് നടുക്കമുണ്ടാക്കുന്നു എന്ന് പറഞ്ഞായിരുന്നു ഖാന്‍ ബിഎസ്പി ബന്ധം ഉപേക്ഷിച്ചത്.

ഒടുവില്‍ ബിജെപിയില്‍ അഭയം

2004ല്‍, ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ കരിഞ്ഞുതുടങ്ങുംമുമ്പേ ഖാന്‍ ബിജെപി പാളയത്തിലെത്തി. അതുവരെ പ്രവര്‍ത്തിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കണക്കറ്റ് വിമര്‍ശിച്ചുകൊണ്ടായിരുന്നു പുതിയ ലാവണത്തില്‍ ഖാന്‍ അഭയം തേടിയത്. കൈസര്‍ഗഞ്ച് ലോക്‌സഭാ സീറ്റ് നല്‍കി ബിജെപി ഖാനെ സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ജയം ആവർത്തിക്കാന്‍ ഖാന് സാധിച്ചില്ല. തോല്‍വിക്ക് പിന്നാലെ നേതൃത്വത്തോട് അകന്ന ഖാന്‍ 2007ല്‍ ബിജെപി വിട്ടു. പാര്‍ട്ടി അവഗണിക്കുന്നു എന്നതായിരുന്നു പ്രധാനം ആരോപണം. അഞ്ച് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഖാന്‍ സജീവ രാഷ്ട്രീയ ഉപേക്ഷിക്കുകയാണെന്നും അറിയിച്ചു. സമര്‍പ്പണ്‍ എന്ന സന്നദ്ധസംഘടനയില്‍ സജീവമായും സൂഫി പഠനങ്ങളുമായി ഖാന്‍ മുന്നോട്ടുപോയി.

'പുരോഗമന മുസ്ലീമായി' വീണ്ടും ബിജെപിയിലേക്ക്

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഖാന്‍ വീണ്ടും ബിജെപി നേതൃത്വവുമായി അടുക്കുന്നത്. യാഥാസ്ഥിതികരായ മുസ്ലീം മതമേലധ്യക്ഷന്മാര്‍ക്കെതിരെ നിലകൊള്ളുന്ന പുരോഗമന മുസ്ലീം എന്ന ഖാന്റെ പ്രതിച്ഛായ തന്നെയായിരുന്നു ബിജെപിയെ ആകര്‍ഷിച്ച ഘടകം. അങ്ങനെ, നജ്മാ ഹെപ്തുള്ളയ്ക്കുശേഷം ബിജെപി നിയമിക്കുന്ന രണ്ടാമത്തെ മുസ്ലീം ഗവര്‍ണറായി മാറി ഖാന്‍. ബിജെപി നിയമനത്തെ ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള ഖാന്റെ നിലപാടുകള്‍. മുസ്ലീം വ്യക്തിനിയമം, മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, ഹിജാബ് വിവാദം, പ്രവാചക നിന്ദ എന്നിങ്ങനെ കാര്യങ്ങളില്‍ ബിജെപിയുടെ നിലപാടുകളെ പിന്തുണച്ചു. അതേസമയം, ഹിന്ദുത്വവാദികളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട് മൗനം പാലിച്ചു. 2019ല്‍ കേരളത്തില്‍ എത്തുമ്പോള്‍, ആര്‍എസ്എസിന്റെ നോമിനി എന്ന കടുത്ത ആരോപണം തന്നെയാണ് ഖാനെ എതിരേറ്റത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയൊക്കെ ഇത്തരം ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നു. വിവാദങ്ങളില്‍ ഖാന്‍റെ പ്രതികരണങ്ങള്‍ ഈ സംഘപരിവാർ ചാപ്പ കൂടുതല്‍ ആഴത്തില്‍ ഗവർണർ പദവിക്ക് മേല്‍ പതിയാന്‍ കാരണമായി.

പലപ്പോഴും സംസ്ഥാന സര്‍ക്കാരിനെതിരെയായിരുന്നു ഖാന്റെ നിലപാടുകളില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അതിപ്രസരം പ്രകടവുമായിരുന്നു. ഗവര്‍ണറായിരിക്കെ ഖാന്‍ സ്വീകരിച്ച നടപടികളൊക്കെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഖാന്‍ ബിജെപിയുടെ ചട്ടുകമാണെന്ന് ഭരണ-പ്രതിപക്ഷകള്‍ ഒരുപോലെ പ്രതികരിച്ച സന്ദര്‍ഭങ്ങള്‍ പോലുമുണ്ടായി. സ്വര്‍ണക്കടത്ത്, സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ നിയമനങ്ങള്‍, ഓര്‍ഡിനന്‍സുകള്‍, ബില്ലുകള്‍ എന്നിങ്ങനെ ഏത് വിഷയത്തിലും സര്‍ക്കാര്‍ നയങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു ഗവര്‍ണര്‍ ഖാന്റെ നിലപാട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ, ഭരണഘടനാ പദവിയുടെ സകല സീമകളും ലംഘിച്ച് തനി രാഷ്ട്രീയക്കാരനായാണ് ഖാന്‍ പെരുമാറിയതെന്ന ആരോപണം ശക്തമാകുന്നതും ഇവിടെയാണ്.

ഇനി ബിഹാറാണ് അരിഫ് മുഹമ്മദ് ഖാന്‍റെ തട്ടകം. മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുമായി സഹകരിച്ചാണ് നില്‍ക്കുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും കൂറുമാറാന്‍ സാധ്യതയുള്ള വ്യക്തിയാണ്. അതാണ് ചരിത്രവും. നിതീഷിനെ റഡാറിനുള്ളില്‍ നിർത്താനുള്ള ബിജെപി തന്ത്രത്തിന്‍റെ ഭാഗമാകണം ഗവർണറായുള്ള ഖാന്‍റെ നിയമനം. അഞ്ച് പാർട്ടികളില്‍ പ്രവർത്തിച്ച് പരിചയമുള്ള ഖാനേക്കാള്‍ അതിനു യോജിച്ച മറ്റൊരാളില്ല.

NATIONAL
36 വര്‍ഷത്തിനു ശേഷം 'ദ സാത്താനിക് വേഴ്‌സസ്' ഇന്ത്യയില്‍; സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവല്‍ തിരിച്ചെത്തി
Also Read
user
Share This

Popular

KERALA
NATIONAL
അവൾ സ്നിഗ്ധ; ക്രിസ്മസ് പുലരിയിൽ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേരിട്ടു