തുടർ ചർച്ചയ്ക്കുള്ള നീക്കങ്ങൾ മന്ത്രിതലത്തിലുണ്ടാകണമെന്നുമാണ് ആശാ വർക്കർമാരുടെ പ്രതികരണം
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമം. ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശാ വർക്കർമാർ പ്രതിഷേധത്തിന്റെ ഭാഗമായത്. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ഇവരുടെ നീക്കം.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്.
അതേസമയം, കേന്ദ്ര വിഹിതം ലഭിക്കുന്നതിലെ പ്രതിസന്ധിയാണ് ആശാ വർക്കാർമാർ നേരിടുന്നതെന്നും ഡൽഹിയിൽ പോയി സമരം ചെയ്യാൻ താൻ തയ്യാറാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സമരക്കാരുമായി തുടർ ചർച്ചയ്ക്ക് തയ്യാറാണ്. തുക വർധിപ്പിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാട്. തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് താൻ കത്തയച്ചതാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കേന്ദ്ര പ്രതിസന്ധിയെന്ന വാദം കാലകാലങ്ങളായി കേൾക്കുന്നതാണെന്നും തുടർ ചർച്ചയ്ക്കുള്ള നീക്കങ്ങൾ മന്ത്രിതലത്തിലുണ്ടാകണമെന്നുമാണ് ആശാ വർക്കർമാരുടെ പ്രതികരണം. ബാക്കിയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ആശാ വർക്കർമാരുടെ തീരുമാനം.