ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡൽ 3 കാറിന് 35,000 ഡോളറാണ് യുഎസിൽ ഫാക്ടറി വില
ഒരു ടെസ്‌ല കാറിന് എന്ത് വില വരും? ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഉടൻ ഇന്ത്യൻ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്തകള്‍ വന്നതിനു പിന്നാലെ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടത് ഈ ചോദ്യമാണ്. ടെസ്‌ല സ്വന്തമാക്കണമെന്ന മോഹവും പ്രൈസ് ടാഗ് നോക്കി പർച്ചേസ് ചെയ്യുന്നവരുമാണ് നിങ്ങളെങ്കിൽ ഞെട്ടാൻ തയ്യാറായിക്കൊളളൂ. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ താഴെയായി കുറച്ചാലും, ടെസ്‌ലയുടെ ഏറ്റവും വിലകുറഞ്ഞ കാറിന് ഇന്ത്യയില്‍ ഏകദേശം 35 മുതൽ 40 ലക്ഷം രൂപ വരെ വില വരുമെന്നാണ് ആഗോള മൂലധന വിപണി കമ്പനിയായ സിഎൽഎസ്എയുടെ റിപ്പോർട്ട്.
ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ മോഡൽ 3 കാറിന് 35,000 ഡോളറാണ് യുഎസിൽ ഫാക്ടറി വില. അതായത് 30.4 ലക്ഷം ഇന്ത്യൻ രൂപ. ഇന്ത്യയിൽ ടെസ്ല വാഹനങ്ങൾക്ക് ഇറക്കുമതി തീരുവയിൽ 15-20 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ റോഡ് നികുതി, ഇൻഷുറൻസ് തുടങ്ങിയ മറ്റ് അധിക ചെലവുകൾ കൂടി വരുമ്പോൾ ഓൺ റോഡ് വില 40,000 യുഎസ് ഡോളറാകും. അതായത് ഏകദേശം 35-40 ലക്ഷം രൂപ.
Also Read: iPhone 16e| ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ അവതരിപ്പിച്ച് ആപ്പിള്‍; ഇന്ത്യയിലെ വില അറിയാം
മഹീന്ദ്ര XEV 9e, ഹ്യുണ്ടായി ഇ-ക്രീറ്റ, മാരുതി സുസുക്കി ഇ-വിറ്റാര തുടങ്ങിയ ആഭ്യന്തര ഇവി മോഡലുകളേക്കാൾ 20-50 ശതമാനം ഉയർന്ന വിലയ്ക്കാണ് ടെസ്‌ല മോഡൽ 3 വിൽക്കുവാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അത് ഇന്ത്യൻ ഇവി വിപണിയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 25 ലക്ഷം രൂപയിൽ താഴെ ഓൺ-റോഡ് വിലയുള്ള എൻട്രി ലെവൽ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി ടെസ്‌ല വിപണി വിഹിതം നേടിയാലും മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരിയിലുണ്ടായ സമീപകാല ഇടിവ് ഇതിനകം തന്നെ ഈ സാഹചര്യത്തെ കണക്കിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തത്തിലുള്ള വ്യാപനം ചൈന, യൂറോപ്പ്, യുഎസ് എന്നിവയെ അപേക്ഷിച്ച് കുറവായതിനാൽ, ടെസ്‌ലയുടെ പ്രവേശനം പ്രധാന ഇന്ത്യൻ വാഹന നിർമാതാക്കളിൽ കാര്യമായ സ്വാധീനം ചെലുത്തില്ല.
ഡൽഹിയിലും മുംബൈയിലും വരും മാസങ്ങളിൽ ടെസ്‌ല തങ്ങളുടെ മോഡലുകൾ പുറത്തിറക്കുമെന്നാണ് സൂചന. ആഭ്യന്തര വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ പ്രാരംഭ നടപടി എന്ന നിലയ്ക്ക് ടെസ്‌ല ഇന്ത്യയിൽ ഔദ്യോഗികമായി നിയമന പ്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 18 ന്, ഇലക്ട്രിക് വാഹന (ഇവി) ഭീമൻ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കൺസ്യൂമർ എൻഗേജ്‌മെന്റ് മാനേജർ സ്ഥാനത്തേക്ക് ലിങ്ക്ഡ്ഇനിൽ ജോലി ലിസ്റ്റ് ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു.
Also Read: ഗൂഗിള്‍ സെര്‍ച്ചില്‍ എഐ മോഡ്; മാറ്റങ്ങള്‍ക്കൊരുങ്ങി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍
അതേസമയം, വാഹന വിലയെ സെൻസിറ്റീവായി സമീപിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുക ടെസ്‌ലക്ക് വെല്ലുവിളി ആകുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. മൊത്തത്തിൽ, ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം പ്രാദേശിക ഉൽപ്പാദനത്തിൽ ഗണ്യമായ നിക്ഷേപം നടത്താൻ തയ്യാറാണോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് . ഇറക്കുമതി തീരുവ കുറച്ചാലും, ടെസ്‌ല കാറുകൾ ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് അപ്രാപ്യമായിരിക്കും.