ആനയുടെ ശരീരത്തിൽ ലോഹ ഘടകങ്ങൾ ഒന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പൻ ചരിഞ്ഞതിന് കാരണം ഹൃദയസ്തംഭനമെന്ന് ഡോക്ടർമാർ. കാർഡിയാക് പൾമെനറി ഹെമിറേജ് ആണെന്നാണ് ഡോക്ടർമാർ പറയുന്നത്.
മുറിവിലെ അണുബാധ തലച്ചോറിനെയും ബാധിച്ചു തുടങ്ങിയിരുന്നു. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ല. മുറിവിന് 65 സെൻ്റീമീറ്റർ ചുറ്റളവും, 15 സെൻ്റീമീറ്റർ വ്യാസവും ഉണ്ടായിരുന്നു. ആനയുടെ ശരീരത്തിൽ ലോഹ ഘടകങ്ങൾ ഒന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പൻ ചരിഞ്ഞത്. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിൽ ഇരിക്കേയാണ് കൊമ്പന്‍ ചരിഞ്ഞത്. മസ്തകത്തിലെ മുറിവ് തുമ്പിക്കൈയിലേക്ക് വ്യാപിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
മസ്തകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊമ്പനെ കഴിഞ്ഞ ദിവസമാണ് കോടനാട് അഭയ കേന്ദ്രത്തില്‍ എത്തിച്ചത്. അതിരപ്പിള്ളി കാലടി പ്ലാന്റേഷനില്‍ നിന്നും മയക്കുവെടി വെച്ച് വീഴ്ത്തിയ ആനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയത്. രക്ഷാദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയിച്ചതോടെ ഏറെ പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്.
മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയിരുന്നു. മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലായിരുന്നു കാട്ടാന. മയക്കുവെടി വെച്ച ശേഷം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മുറിവ് വൃത്തിയാക്കി പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.