ലബാര്‍ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, സാഹസിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുക.
മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. മെട്രോ എക്‌സ്‌പെഡീഷന്റെ സഹകരണത്തോടെയാണ് 'ഗേറ്റ്‌വേ ടു മലബാര്‍: എ ടൂറിസം ബി2ബി മീറ്റ്' എന്ന പരിപാടി കോഴിക്കോട് റാവിസ് കടവില്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ബി ടു ബി യുടെ ഭാഗമാകും. മലബാറിന്റെ പാരമ്പര്യം, ഐതിഹ്യം, സാഹസിക വിനോദങ്ങള്‍, ഭക്ഷണം, കലകള്‍, പ്രാദേശികമായ തനത് മനോഹാരിതകള്‍ തുടങ്ങിയവ ഇവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കും.
മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായാണ് ബിടുബി മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രാദേശിക സേവന ദാതാക്കള്‍, പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസം മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസത്തില്‍ മികച്ച സാധ്യതകളാണ് മലബാറിനുള്ളത്. സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മലബാറിനെയും ചേര്‍ക്കേണ്ടതുണ്ട്. പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുന്നതിനും ദേശീയ-അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും ബിടുബി മീറ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read; ഗൾഫിലേക്ക് പോകുന്ന പ്രവാസികൾക്കായി പുതിയ ആനുകൂല്യം; സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്പ്രസ്
മലബാര്‍ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, സാഹസിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുക. മേഖലയിലെ എല്ലാ ഡിടിപിസികളും മീറ്റിന്റെ ഭാഗമാകും. മലബാറിലെ പ്രധാന ടൂറിസം അസോസിയേഷനുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. ഏകദേശം 100 സെല്ലേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരും ബി ടു ബി മീറ്റിന്റെ ഭാഗമാകും. മലബാര്‍ കേന്ദ്രീകരിച്ച ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള അവതരണങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത് നിക്ഷേപ സാധ്യതകളെ സംബന്ധിച്ചും അവസരങ്ങളെ പറ്റിയുമുള്ള ധാരണ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.
ടൂറിസം അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മലബാര്‍ മേഖലയ്ക്കായി ഒരു പുതിയ യാത്രാ സര്‍ക്യൂട്ട് സംബന്ധിച്ച ചര്‍ച്ചകളും പരിപാടിയില്‍ ഉള്‍പ്പെടും. കൂടാതെ കോഴിക്കോട് നഗരത്തിലെ ആകര്‍ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പൈതൃക നടത്തവും സംഘടിപ്പിക്കും.
പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralatourism.org/gateway-to-malabar-tourism-b2b-meet-2024/page/58 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9947733339, 9995139933. അപേക്ഷകള്‍ ബിടുബി കമ്മിറ്റി പരിശോധിക്കുകയും യോഗ്യതയുടെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കുകയും ചെയ്യും.