സംഭവത്തിൽ മണിപ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു
മണിപ്പൂരിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ മകന്റെ പേരിൽ വ്യാജ ഫോൺകോൾ വഴി സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജയ് ഷായുടെ പേരിൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് കോളുകൾ. നാല് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു വാഗ്ദാനം. സംഭവത്തിൽ മണിപ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
രാഷ്ട്രപതി ഭരണത്തിലേക്ക് വഴിമാറിയ മണിപ്പൂരിൽ, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് നിരവധി നേതാക്കൾക്കാണ് ഫോൺ കോളുകൾ വന്നത്, അതും അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരിൽ. എംഎൽഎമാർക്ക് മോഹനവാഗ്ദാനങ്ങളായിരുന്നു വ്യാജ കോളിലുണ്ടായിരുന്നത്. മണിപ്പൂർ നിയമസഭാ സ്പീക്കർ തോക്ചോം സത്യബ്രതയേയും വ്യാജൻ ജയ് ഷാ വിളിച്ചു.
ALSO READ: ട്രംപ് പറഞ്ഞ Very Bloody War; യുക്രെയ്നില്‍ കൊല്ലപ്പെട്ടവര്‍ക്ക് കണക്കുണ്ടോ?
കഴിഞ്ഞ മൂന്ന് ദിവസമായി അജ്ഞാത നമ്പറിൽ നിന്ന് നിരന്തരം വാട്സപ്പിൽ കോൾ വന്നുവെന്നും തിരിച്ച് വിളിച്ചപ്പോൾ ജയ് ഷാ ആണെന്ന് അജ്ഞാതൻ സ്വയം പരിചയപ്പെടുത്തിയെന്നും സ്പീക്കർ പറഞ്ഞു. നാല് കോടി തരൂ മന്ത്രിസ്ഥാനം റെഡി എന്നായിരുന്നു ഫോൺ സംഭാഷണത്തിലൂടെ വന്ന ഓഫർ. സർക്കാർ രൂപീകരണം നടത്താൻ നാല് കോടി ആവശ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകിയെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ പരാതിയിൽ വഞ്ചനാകുറ്റം, ആൾമാറാട്ടം വകുപ്പുകളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏറെ കലാപങ്ങൾക്കൊടുവിലാണ് മണിപ്പൂരിൽ കഴിഞ്ഞയാഴ്ച്ച രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. ഫെബ്രുവരി 9 ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻസിങ് രാജിവെച്ചതിനെ തുടർന്നാണ് കേന്ദ്രം, രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.