നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയ പ്രതിയായ ഹരികുമാറിന് വേണ്ടി കസ്റ്റഡി അപേക്ഷ നൽകാനും സാധ്യതയുണ്ട്
ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതു, ജ്യോത്സ്യൻ ദേവീദാസൻ എന്നിവരെ ഇന്നും ചോദ്യം ചെയ്യും. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയ പ്രതിയായ ഹരികുമാറിന് വേണ്ടി കസ്റ്റഡി അപേക്ഷ നൽകാനും സാധ്യതയുണ്ട്.
രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ കൊന്നത് പെട്ടെന്നുള്ള പ്രകോപനത്തിൻ്റെ പുറത്തെന്ന് പ്രതി ഹരികുമാർ പറഞ്ഞിരുന്നു. ദേവേന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് മുറിയ്ക്ക് തീയിട്ടത്. ശ്രീതുവിനെ വിളിച്ചിട്ട് വരാത്തതിലുള്ള ദേഷ്യത്തിലാണ് കുഞ്ഞിനെ തൻ്റെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയതെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു.
ALSO READ: ആലപ്പുഴയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മകനെ കാണാനില്ല
സഹോദരിയോടുള്ള കടുത്ത വിരോധം മൂലമാണ് ഹരികുമാർ കുഞ്ഞിനെ കൊന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിൻ്റെ കരച്ചിൽ പ്രതിക് അരോചകമായി തോന്നിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകത്തിൽ കുഞ്ഞിൻറെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് കുഞ്ഞിൻ്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ അമ്മയെ കൊലപാതകത്തിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. സാഹചര്യ തെളിവുകളും മൊഴികളിലെ വൈരുധ്യവും പരിശോധിക്കുമ്പോൾ ശ്രീതുവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ലെന്നും പൊലീസ് പറയുന്നു.
ALSO READ: പകുതി വിലയ്ക്ക് ടൂവീലർ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; തൊടുപുഴ സ്വദേശി അറസ്റ്റിൽ
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കുട്ടി കൊല്ലപ്പെട്ട കൃത്യസമയം വ്യക്തമാവുകയുള്ളൂ. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ഇവർ തമ്മിലുള്ള വാട്സാപ്പിലെ ചാറ്റുകളിലും ഇത് തെളിയിക്കുന്ന വിവരങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.