ആറു ശതമാനം ജനങ്ങൾ മാത്രമാണ് തങ്ങളുടെ ദ്വീപ് അമേരിക്കയുടെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്
ഭൂരിഭാഗം ഗ്രീൻലാൻഡുകാരും അമേരിക്കയെ ഭീഷണിയായി കാണുന്നുവെന്ന് റിപ്പോർട്ടുകൾ. ഡാനിഷ് പത്രമായ ബെർലിംഗ്‌സ്‌കെയും ഗ്രീൻലാൻഡിക് ദിനപത്രമായ സെർമിറ്റ്സിയും ചേർന്ന നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളിലൂടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനു പ്രതികൂലമായി ഗ്രീൻലാൻഡുകാരുടെ പ്രതികരണം. ഗ്രീൻലാൻഡിലെ 85 സതമാനം ജനങ്ങളും അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
ആറു ശതമാനം ജനങ്ങൾ മാത്രമാണ് തങ്ങളുടെ ദ്വീപ് അമേരിക്കയുടെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. അൻപത്തഞ്ചു ശതമാനം പേരും ഡാനിഷ് പൗരൻമാരായി തന്നെ തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ എട്ടു ശതമാനം പേർക്കും അമേരിക്കൻ പൗരത്വം സ്വീകരിക്കുന്നതിനോട് വിയോജിപ്പില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, 37 ശതമാനം പേരും ഇക്കാര്യത്തിൽ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ലെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
സർവ്വേ ഫലത്തിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ ബെർലിംഗ്സ്കെ പത്രത്തിനോടു പ്രതികരിച്ചത്. ആർട്ടിക് മേഖലയിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനായി 14.6 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള പ്രതീക്ഷയിലാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡ് സ്വന്തമാക്കാൻ പദ്ധതിയുണ്ടെന്ന് ഡോണൾഡ് ട്രംപ് മുൻപും വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നായിരുന്നു ട്രംപിൻ്റെ അവകാശവാദം. വിഷയത്തിൽ ഗ്രീൻലാൻഡും അമേരിക്കയും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് ഗ്രീൻലാൻഡിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ ദ്വീപ് വിൽപ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.