ന്യൂനപക്ഷ മേഖലകളിൽ എഎപിയേക്കാൾ കൂടുതൽ പിന്തുണ ഇത്തവണ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്
ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണം അവസാന നാളുകളിലേക്കടുക്കുമ്പോൾ കേജ്‌രിവാൾ-മോദി-രാഹുൽ ത്രികോണമത്സരമായാണ് അത് മാറുന്നത്. കേജ്‌രിവാളിനെ നേരിട്ട് ആക്രമിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണം സജീവമാക്കുന്നത്. ന്യൂനപക്ഷ മേഖലകളിൽ എഎപിയേക്കാൾ കൂടുതൽ പിന്തുണ ഇത്തവണ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
ഡൽഹിയിലെ നിർണായകമായ ഹിന്ദുവോട്ടുകളിൽ കണ്ണുവച്ചാണ് അരവിന്ദ് കേജ്‌രിവാൾ സനാതന ധർമ്മ രക്ഷാ പരിപാടികൾ ആരംഭിച്ചത്. ഇത് എക്കാലത്തും ആംആദ്മി പാർട്ടിക്കു ലഭിച്ചുകൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഇടിവുണ്ടാക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ആംആദ്മി പാർട്ടി ജയിച്ചു കയറിയത് മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ വോട്ടിനൊപ്പം ഹിന്ദുവോട്ടുകളും നേടിയാണ്. ഇത്തവണ പ്രധാനമന്ത്രി നേരിട്ടിറങ്ങി ആക്രമിക്കുന്നത് അരവിന്ദ് കേജ്‌രിവാളിനെയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം എക്കാലത്തും കേജ്‌രിവാൾ നേരിട്ടതാണ്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോളോടു തോൾ ചേർന്നു നടന്ന രാഹുൽ ഗാന്ധിയാണ് എട്ടുമാസം കഴിഞ്ഞപ്പോൾ കടുത്ത പരിഹാസവുമായി എത്തുന്നത്. കെജ്‌രിവാൾ ജി, 2025 ഇങ്ങെത്തി. എപ്പോഴാണ് യമുനയിൽ ഒന്നിറങ്ങി മുങ്ങുന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം.
യമുനയിലെ മാലിന്യത്തിന് ഹരിയാന സർക്കാരിനെ പഴിച്ച കേജ്‌രിവാളിനെ ഇതിനിടെ തെരഞ്ഞെടുപ്പു കമ്മീഷനും വിളിച്ചുവരുത്തിയിരുന്നു. ഹരിയാനയാണ് യമുന മലിനമാക്കുന്നത് എന്നതിന് തെളിവുകൾ ഹാജരാക്കാനായിരുന്നു കമ്മീഷന്റെ ആവശ്യം. ഹാജരായ കേജ്‌രിവാൾ നിലപാട് കടുപ്പിച്ചു. ജനുവരി 26ന് 7 പിപിഎം ആയിരുന്ന അമോണിയ ഇപ്പോൾ 2.1 പിപിഎം ആയി കുറഞ്ഞതിന്‍റെ രേഖകളാണ് കേജ്‌രിവാൾ ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് എഎപി സർക്കാരിനെതിരേ ജനരോഷം തിരിക്കാൻ ഹരിയാന നടത്തിയ നീക്കമാണ് ജനുവരി 26ന് കണ്ടത് എന്നായിരുന്നു ആ ആരോപണം.
അധികാരം പിടിക്കാൻ പുഴയിൽ വിഷം കലക്കി എന്ന ആ ആരോപണത്തിൽ കേജ്‌രിവാൾ ഉറച്ചു നിൽക്കുകയാണ്. ആ നിലപാടിനെ പരിഹസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആണ്. ഇതോടെ ഡൽഹി അക്ഷരാർത്ഥത്തിൽ ത്രികോണ മത്സരമായി മാറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്നു ഭിന്നമായി എഴുപതിൽ 40 മണ്ഡലങ്ങളിലെങ്കിലും നിർണായക ശക്തിയാകും എന്നാണ് കോൺഗ്രസിന്‍റെ അവകാശവാദം.