ഗ്ലോബൽ പബ്ലിക്ക് സ്കൂളിന് പുറമേ മിഹിർ മുൻപ് പഠിച്ചിരുന്ന കാക്കനാട് ജംസ് ഇൻ്റർനാഷണൽ സ്കൂളിലും കുട്ടി കടുത്ത മാനസിക പീഡനം നേരിട്ടതായി പൊലീസ് കണ്ടെത്തി
എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഗ്ലോബൽ പബ്ലിക്ക് സ്കൂളിന് പുറമേ മിഹിർ മുൻപ് പഠിച്ചിരുന്ന കാക്കനാട് ജംസ് ഇൻ്റർനാഷണൽ സ്കൂളിലും കുട്ടി കടുത്ത മാനസിക പീഡനം നേരിട്ടതായി പൊലീസ് കണ്ടെത്തി. ജംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പിളിനെ പൊലീസ് ചോദ്യം ചെയ്യും. വൈസ് പ്രിൻസിപ്പാൾ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: പകുതി വിലയ്ക്ക് ടൂവീലർ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; തൊടുപുഴ സ്വദേശി അറസ്റ്റിൽ
സംഭവത്തിൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി മേൽ നടപടികൾ എന്തൊക്കെയെന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ നിയമഭേദഗതി ആവശ്യമെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. റാഗിങ്ങിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിർ.
ALSO READ: ആലപ്പുഴയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മകനെ കാണാനില്ല
സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.