സ്വകാര്യ മേഖലയിൽ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് സാമ്പത്തിക സർവേ
ഇന്ത്യ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ട് അവകാശപ്പെടുന്നത്. ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞപ്പോൾ, ബാങ്കുകൾ കരുത്താർജ്ജിച്ചെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയും ശക്തമാണ്. എന്നാൽ ഇതോടൊപ്പം ചില മുന്നറിയിപ്പുകളും സർവേയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.
സ്വകാര്യ മേഖലയിൽ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് സാമ്പത്തിക സർവേ. അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നും ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൊത്തം നിഷ്ക്രിയ ആസ്തി 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി. നികുതിക്കു ശേഷമുള്ള ലാഭം 2024-25ന്റെ ആദ്യ പകുതിയിൽ 22.2% ഉയർന്നു.
ALSO READ: ഉണ്ടാകുമോ നികുതി ഇളവ്? ബജറ്റില്‍ കണ്ണുംനട്ട് സാധാരണക്കാര്‍
ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം (ക്രെഡിറ്റ്-ടു-റിസ്ക്-വെയിറ്റഡ് അസറ്റ് റേഷ്യോ) മെച്ചപ്പെട്ടതും നേട്ടമാണ്. 2047ഓടെ വികസിത ഭാരത് എന്ന ലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. ഈ ലക്ഷ്യം നേടാൻ അടിസ്ഥാനസൗകര്യ വികസനരംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികൾ അനിവാര്യമാണെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. 2025ല്‍ അമേരിക്കന്‍ സാഹചര്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിപണി തിരുത്തല്‍ പ്രതീക്ഷിക്കണമെന്നും സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു. കാര്‍ഷിക മേഖലയുടെ ശേഷി ഇനിയും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സാമ്പത്തിക സർവേ പരാമർശിക്കുന്നു.