തത്തമംഗലം ജി.ബി.യു.പി സ്കൂളിലെ പുൽക്കൂട് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്
പാലക്കാട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ കടുത്ത വിമർശനവുമായി പാലക്കാട് രൂപതാ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കല്‍. നടന്നത് ക്രൈസ്തവർക്കും പൊതു സമൂഹത്തിനുമെതിരെയുള്ള ആക്രമണം. ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിൻ്റെ നടപടി ക്രൈസ്തവതയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും പാലക്കാട് രൂപത പ്രതികരിച്ചു.
ചെറിയ കുട്ടികൾക്കിടയിൽ വിദ്വേഷം പടർത്താന്‍ ചില ശക്തികൾ ശ്രമിക്കുന്നു. നടപടിയെടുത്തില്ലെങ്കില്‍ സർക്കാർ അവർക്കൊപ്പമാണെന്ന് കരുതേണ്ടി വരും. പുൽക്കൂട് തകർത്ത വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന് സംശയമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ചിലർ ഞങ്ങളല്ല എന്ന് ആവർത്തിച്ച് പറയുന്നത് സംശയമുണ്ടാക്കുന്നുവെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
അതേസമയം, തത്തമംഗലം ജി.ബി.യു.പി സ്കൂളിലെ പുൽക്കൂട് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രധാന അധ്യാപകൻ തങ്കരാജ്, സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ട് ഗോപിനാഥ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവസ്ഥലത്തുനിന്നും വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചിറ്റൂർ മേഖലയിലെ തന്നെ നല്ലേപ്പിള്ളി ഗവ.യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷം നടക്കുമ്പോളാണ് വിശ്വഹിന്ദു പരിഷത് നേതാക്കളെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. രണ്ടുകേസും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൽ നല്ലേപ്പിള്ളി കേസിൽ റിമാൻഡിൽ കഴിയുന്ന വിഎച്ച്പി പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്യും.