ബെംഗളൂരുവിലെ തിരക്കേറിയ പ്രദേശമായ കണ്ണിംഗ്ഹാം റോഡിൽ വെച്ച് ദ്രാവിഡിൻ്റെ കാറും മറ്റൊരു ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇതേ ചൊല്ലി ഓട്ടോറിക്ഷയുടെ ഡ്രൈവറുമായി ദ്രാവിഡ് ചൂടൻ വാഗ്വാദത്തിലേർപ്പെടുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്
ഇന്ത്യൻ ക്രിക്കറ്റിലെ പൊതുവെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായാണ് മുൻ താരവും കോച്ചുമായ രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് ദ്രാവിഡിൻ്റെ വേറിട്ടൊരു മുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ തിരക്കേറിയ പ്രദേശമായ കണ്ണിംഗ്ഹാം റോഡിൽ വെച്ച് ദ്രാവിഡിൻ്റെ കാറും മറ്റൊരു ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഇതേ ചൊല്ലി ഓട്ടോറിക്ഷയുടെ ഡ്രൈവറുമായി ദ്രാവിഡ് ചൂടൻ വാഗ്വാദത്തിലേർപ്പെടുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്.
ബെംഗളൂരുവിലെ ഇന്ത്യൻ എക്സ്‌പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ട്സിലേക്ക് സഞ്ചരിക്കുമ്പോഴാണ് ദ്രാവിഡിൻ്റെ വാഹനം അപകടത്തിൽപ്പെട്ടത്. കാർ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ എതിരെ വന്ന ഓട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ഇതോടെ കാറിൽ നിന്നിറങ്ങിയ ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ എഴുതി വാങ്ങുന്നതും ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. രണ്ട് വാഹനങ്ങളിലെയും ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് ഒരു കേസും സമീപത്തെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പറും ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പറും വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
52കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലായി രാജ്യത്തിനായി 24,000ത്തിലേറെ റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം രാജിവെച്ച ശേഷം നിലവിൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ്റെ റോളിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. മാർച്ച് അവസാന വാരത്തോടെ 2025 ഐപിഎൽ സീസണിന് തുടക്കമാകും.