1990 മുതൽ മഹാരാഷ്ട്രയിലെ വിവധ മണ്ഡലങ്ങളിൽ നിന്ന് തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി നേതാവായ കാളിദാസ് കൊളംബ്കർ
മഹാരാഷ്ട്ര മറ്റൊരു രാഷ്ട്രീയ പോരിന് തയാറെടുക്കുമ്പോൾ കാളിദാസ് കൊളംബ്കർ എന്ന ബിജെപി നേതാവിൻ്റെ ലക്ഷ്യം നിയമസഭ മാത്രമല്ല, ഗിന്നസ് റെക്കോർഡ് കൂടിയാണ്. ഇത്തവണ കൂടി ജയിച്ചാൽ ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയെന്ന എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കാളിദാസ് കൊളംബ്കറിന് സ്വന്തമാക്കാം. രണ്ടും മൂന്നും അല്ല തുടർച്ചയായി എട്ട് തവണയാണ് കാളിദാസ് നിയമസഭയിലെത്തിയത്.
1990 മുതൽ മഹാരാഷ്ട്രയിലെ വിവധ മണ്ഡലങ്ങളിൽ നിന്ന് തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി നേതാവായ കാളിദാസ് കൊളംബ്കർ. "ഞാൻ എട്ട് തവണ എംഎൽഎ ആയിരുന്നു, ഈ തെരഞ്ഞെടുപ്പിൽ ഒമ്പതാം തവണയും വിജയിച്ച് ട്രെൻഡ് തകർത്ത് ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടം നേടും," ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയുള്ള കാളിദാസിൻ്റെ വാക്കുകളിലെ ആത്മവിശ്വാസം ചെറുതല്ല.
തുടക്കം മുതൽക്കെ ഒരു പാർട്ടിയെ പ്രതിനിധീകരിച്ചായിരുന്നില്ല കാളിദാസ് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്. ശിവസേനയിൽ ആരംഭം, പിന്നെ കോൺഗ്രസിലേക്ക്, അവസാനം ബിജെപിയിൽ. പാർട്ടികളും മണ്ഡലങ്ങളും മാറി മറിഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ ജനങ്ങൾ കാളിദാസിനെ കൈവിട്ടില്ല.
ബാൽ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ നിന്നായിരുന്നു കാളിദാസ് കൊളംബ്കർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1990-ൽ നൈഗാം നിയോജക മണ്ഡലത്തിൽ നിന്ന് ശിവസേന ടിക്കറ്റിൽ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കാളിദാസ് നിയമസഭയിലെത്തി. 1990, 1995, 1999, 2004 വർഷങ്ങളിൽ ശിവസേനയിൽ മത്സരിച്ച് നൈഗാം സീറ്റ് നിലനിർത്താൻ എംഎൽഎക്ക് സാധിച്ചു.
2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാളിദാസ് ശിവസേനയുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. പുതുതായി സ്ഥാപിതമായ വഡാല മണ്ഡലത്തിലായിരുന്നു അത്തവണ കാളിദാസ് മത്സരിച്ചത്. പാർട്ടിയും മണ്ഡലവും മാറിയിട്ടും കാളിദാസ് ശിവസേനയുടെ ദിഗംബർ കാമത്തിനെ പരാജയപ്പെടുത്തി. 2014-ലെ മോദി തരംഗത്തെ മറികടന്ന കൊളംബ്കറിന് രണ്ടാം തവണയും വഡാല എംഎൽഎയാവാൻ കഴിഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചിട്ടും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ കൊളംബ്കർ തീരുമാനിച്ചു. കാളിദാസിലൂടെ കോൺഗ്രസിൻ്റെ ശിവകുമാർ ലാഡിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് എളുപ്പം സാധിച്ചു .
തോൽവിയറിയാത്ത രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ കാളിദാസിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു; "രാഷ്ട്രീയത്തിൽ ആശ്ചര്യപ്പെടാനായി ഒന്നുമില്ല. നിങ്ങൾ രാഷ്ട്രീയത്തെ വാണിജ്യപരമായി സമീപിക്കുകയാണെങ്കിൽ, അത് കഠിനമായിരിക്കും, എന്നാൽ പൂർണഹൃദയത്തോടെ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ, ജനങ്ങളെ സേവിക്കുകയാണെങ്കിൽ, അവർ തീർച്ചയായും നിങ്ങളെ വീണ്ടും തിരഞ്ഞെടുക്കും,"
ALSO READ: ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും
വഡാല-നായിഗാവ് നിയോജക മണ്ഡലത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ അവർ വീണ്ടും ഒരാളെ തെരഞ്ഞെടുക്കുന്നത് അപൂർവമായാണെന്നാണ് കാളിദാസിൻ്റെ പക്ഷം. ഈ പ്രവണത തകർത്തുകൊണ്ട് ഒമ്പത് തവണ എംഎൽഎയായി ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടം നേടുമെന്നും നേതാവ് പറയുന്നു. 1985ലാണ് കാളിദാസ് കൊളംബ്കറുടെ രാഷ്ട്രീയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. അതിനുമുമ്പ് ഇയാൾ മുംബൈയിലെ മോദി സ്റ്റോറിൽ കലണ്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു.