പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് ഗുണ്ടെറിഞ്ഞത്. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രന്റെ വീടിന് സമീപത്ത് പൊട്ടിത്തെറിച്ചത് ഗുണ്ട്. ഗുണ്ടെറിഞ്ഞവരെ പൊലീസ് പിടികൂടി. പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് ഗുണ്ടെറിഞ്ഞത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശോഭാ സുരേന്ദ്രൻ്റെ വീടിന് നേരെ ഉണ്ടായത് ആക്രമണം അല്ലെന്നാണ് പൊലീസിൻ്റെ നിഗമനം. പിടിയിലായവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ശോഭയുടെ വീടിന് സമീപം പൊട്ടിയത് വിപണിയിൽ ലഭ്യമായ പടക്കമാണെന്ന് പൊലീസ് നേരത്തെ വിലയിരുത്തിയിരുന്നു. ശോഭാ സുരേന്ദ്രന്റെ വീടാണ് ലക്ഷ്യമിട്ടതെന്നും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ വ്യക്തതയോടെ കാര്യങ്ങൾ പറയാമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞത്. എന്നാൽ ആരെയോ രക്ഷിക്കാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടോ എന്നായിരുന്നു ശോഭ സുരേന്ദ്രൻ ഉന്നയിച്ച സംശയം.
ഇന്നലെ കേസന്വേഷണത്തിൽ വളരെ ശുഷ്കാന്തിയോടെ മുന്നോട്ടുപോകുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഇന്ന് കേസിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുവെന്നും ശോഭ ആരോപിച്ചു. പൊലീസിന്റെ രക്ഷാകവചം എല്ലാവർക്കും ഉണ്ടാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. അവർ അരാഷ്ട്രീയമായി പ്രവർത്തിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. രക്ഷാകവചം ചില ആളുകൾക്ക് കൂട്ടിയും കുറച്ചും കൊടുക്കാനുള്ള നല്ല പ്രാപ്തി പൊലീസിനുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് സമീപത്ത് സ്ഫോടകവസ്തു പൊട്ടിയത്. ശോഭയുടെ അയൽവാസിയുടെ വീട്ടിലായിരുന്നു ഗുണ്ട് പൊട്ടിയത്. സംഭവം നടക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്നു. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന സംശയവും ഗുണ്ട് പൊട്ടിയതിന് പിന്നാലെ ഉയർന്നു. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു.