സ്ലീപ്പർസെൽ തീവ്രവാദി ആദിൽ തക്കാൻ്റെയും ടിആർഎഫ് നേതാവ് ഹസൻ മസൂരി ഷായുടെയും വീടുകളാണ് ബോംബിട്ട് തകർത്തത്
26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകൾ തകർത്ത് ജമ്മു കശ്മീർ പൊലീസ്. സ്ലീപ്പർസെൽ തീവ്രവാദി ആദിൽ തക്കാൻ്റെയും ടിആർഎഫ് നേതാവ് ഹസൻ മസൂരി ഷായുടെയും വീടുകളാണ് ബോംബിട്ട് തകർത്തത്. ഇവരുടെ വീട്ടിൽ ചില സ്ഫോടക വസ്കുക്കൾ സൂക്ഷിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിത്തുന്നത്. നിയന്ത്രണ രേഖയിൽ പാകിസ്ഥാനും കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിൻ്റെ സുരക്ഷയും വർധിപ്പിച്ചു. ഭീകരാക്രമണം നടന്ന ബൈസരൺവാലിയിൽ അതീവ ജാഗ്രത പാലിക്കാനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഭീകരാക്രമണം നടന്ന പ്രദേശത്ത് എത്തിയിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാർ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്ഥാനികള്‍ക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
പാകിസ്ഥാൻ സുരക്ഷാ സേന ഇന്നലെ ചേർന്ന യോഗത്തിന് പിന്നാലെ പാകിസ്താന്‍ വ്യോമപാതയും വാഗാ അതിര്‍ത്തിയും അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുകയും ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
പഹൽഹാമിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരർ നുഴഞ്ഞ് കയറിയത് ഒന്നരവർഷം മുൻപെന്ന് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഭീകരരെ സഹായിച്ച ലഷ്ക്കർ സ്ലീപ്പർസെല്ലിലെ 5 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഹൽഗാമിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇന്ന് മാത്രം 250 പേർക്ക് ജമ്മു കശ്മീർ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.