റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ യുദ്ധവും ചർച്ചയായേക്കും
റഷ്യ ആതിഥേയത്വം വഹിക്കുന്ന 16-ാം ബ്രിക്സ് ഉച്ചകോടിക്ക് റഷ്യയിലെ കസാനിൽ നാളെ തുടക്കമാകും. കൂട്ടായ്മയിലൂടെ ആഗോള വികസനവും സുരക്ഷയും എന്നാണ് ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ആപ്തവാക്യം. 21ന് ആരംഭിക്കുന്ന സമ്മേളനം 24നാണ് അവസാനിക്കുക. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ യുദ്ധവും ചർച്ചയായേക്കും.
ALSO READ: ബ്രിക്സ് സഖ്യം പാശ്ചാത്യ വിരുദ്ധമല്ല, റഷ്യ-യുക്രെയ്ൻ വിഷയത്തിൽ മോദിയുടെ ഇടപെടലുകൾക്ക് നന്ദി: പുടിൻ
യുക്രെയ്നിലേയും പശ്ചിമേഷ്യയിലേയും സംഘർഷങ്ങളും ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ. ഉഭയകക്ഷി ബന്ധം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം എന്നിവയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും യോഗത്തിൽ ചർച്ചയാകും. കൂടാതെ ബ്രിക്സിൻ്റെ പുതിയ പ്രൊജക്ടുകൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലേക്കുള്ള സഹകരണങ്ങളും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യൻ സന്ദർശനമാണ് ഇത്. ഈ വർഷം ജൂലൈയിൽ നരേന്ദ്ര മോദി റഷ്യ സന്ദർശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഈജിപ്ത്, ഇറാൻ, എത്യോപ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ കൂടി അംഗത്വം സ്വീകരിച്ചിരുന്നു. ഇതോടെ ബ്രിക്സ് രാജ്യങ്ങളുടെ അംഗസംഖ്യ ഒമ്പതായി. ഇതിന് ശേഷം നടക്കുന്ന ആദ്യത്തെ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സിൽ കൂടുതൽ രാജ്യങ്ങൾ അംഗമാകുന്നതോടെ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയുള്ള കൂട്ടായ്മയായി ബ്രിക്സ് മാറുകയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മസ്തിഷ്കാഘാതത്തെ തുടർന്ന് ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ ഈ വർഷത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്.