നാഗ്പൂർ സംഘർഷത്തിന് പിന്നാലെ, ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് നേരെ ബുൾഡോസർ നടപടി സ്വീകരിക്കുമെന്നും, കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകിയിരുന്നു
മഹാരാഷ്ട്ര നാഗ്പൂർ കലാപക്കേസിൽ അറസ്റ്റിലായ ഫഹീം ഖാൻ്റെ വീടിന് നേരെ ബുൾഡോസർ നടപടിയുമായി നാഗ്പൂർ നഗരസഭ. ഫഹീം ഖാൻ്റെ വീട് നഗരസഭ അധികൃതർ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. വീടിൻ്റെ പ്ലാനിന് നഗരസഭയുടെ അംഗീകാരമില്ലെന്ന വാദം ഉയർത്തിയാണ് നടപടി. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രാദേശിക നേതാവായ ഫാഹിം ഷമീം ഖാനാണ് നാഗ്പൂരിൽ നടന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് ഭാഷ്യം.
നാഗ്പൂർ സംഘർഷത്തിന് പിന്നാലെ, ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് നേരെ ബുൾഡോസർ നടപടി സ്വീകരിക്കുമെന്നും, കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഫഹീം ഖാൻ്റെ വീട് നഗരസഭ ഇടിച്ചുതകർത്തിരിക്കുന്നത്. നാഗ്പൂർ സിറ്റി പോലീസ്, നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ അതീവ സുരക്ഷാ സന്നാഹങ്ങളുമായി എത്തിയാണ് ഇന്ന് രാവിലെ വീട് പൊളിക്കാൻ തുടങ്ങിയത്. അനധികൃതമായാണ് വീട് നിർമിച്ചതെന്നും കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടി ഫഹീം ഖാന് മുൻസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയിരുന്നു.
ALSO READ: നാഗ്‌പൂർ സംഘർഷം: പ്രധാന സൂത്രധാരനായ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
നടപടിക്ക് പിന്നാലെ സംഘർഷം നിയന്ത്രിക്കാനായി ഒരു ഡിസിപി, രണ്ടു എസിപിമാർ അടക്കം 150 പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കലാപ ബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിച്ചെന്ന് എസിപി സഞ്ജയ് പാട്ടിൽ പറഞ്ഞു.
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നഗരത്തിൽ സംഘർഷമുണ്ടായത്. വിശ്വ ഹിന്ദു പരിഷത്തും, ബജ്റങ് ദളും നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. നാഗ്പൂരിലെ മഹൽ എന്ന പ്രദേശത്താണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. സംഘർഷത്തിൽ പൊലീസുകാരുൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും, നിരവധി വീടുകളും വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകും ചെയ്തു.
അഗ്നിശമന സേനയുടെ ഉൾപ്പെടെ വാഹനങ്ങൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്. അക്രമത്തിൽ നിരവധി ഫയർമാൻമാർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ശിവജി ചൗക്കിൽ മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനം ആഘോഷിക്കാൻ വിശ്വാസികൾ എത്തിയിരുന്നു. ഇതിനിടെയാണ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഹിന്ദു സംഘടനകളായ ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടത്. തുടർന്ന് ഇരുസംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പ്രതിഷേധക്കാർ കത്തിച്ചുവെന്നാണ് മുസ്ലീം സമൂഹം ആരോപിക്കുന്നത്.