വര്‍ഷങ്ങളായുള്ള രീതി പിന്തുടര്‍ന്നാണ് ഇത്തവണയും മെമ്മറാണ്ടം തയ്യാറാക്കിയത്. എന്നാല്‍ തികച്ചും തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നത്
വയനാട് പുനരധിവാസ മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മന്ത്രിസഭ. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കേന്ദ്ര സഹായത്തെ അടക്കം ബാധിക്കുമെന്നും യോഗം ആശങ്കപ്പെട്ടു. നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാലിന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
വിവാദം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. മെമ്മോറാണ്ടത്തിലെ വിവരങ്ങള്‍ റവന്യു മന്ത്രി കെ രാജന്‍ യോഗത്തില്‍ വിശദീകരിച്ചു. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കേന്ദ്ര സഹായത്തെ അടക്കം ബാധിക്കുമെന്ന് യോഗം ആശങ്കപ്പെട്ടു.
റവന്യൂ മന്ത്രി കെ രാജനാണ് മെമ്മറാണ്ട വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങളായുള്ള രീതി പിന്തുടര്‍ന്നാണ് ഇത്തവണയും മെമ്മറാണ്ടം തയ്യാറാക്കിയത്. എന്നാല്‍ തികച്ചും തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നത്. സര്‍ക്കാര്‍ വിശദീകരണം വരുമ്പോഴേക്കും വ്യാജവാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇത് സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
ഇത് കേന്ദ്രസഹായത്തെ ബാധിക്കുമോയെന്ന ആശങ്കയും മന്ത്രിമാര്‍ യോഗത്തില്‍ പങ്കുവെച്ചു. ഒക്ടോബര്‍ നാലിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളാക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയായി ജി.എസ് സന്തോഷിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.