വെള്ളിയാഴ്ച പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേരിടാനുള്ള ബിജെപി ഭരണസമിതിയുടെ തീരുമാനത്തിനെതിരായ കോൺഗ്രസ് മാർച്ചിന് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്. വഴി തടസമുണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് നടന്ന മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വലിയ പ്രതിഷേധവുമുണ്ടായി.
എംഎൽഎ ജയഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകാൻ ശ്രമിക്കവെ, രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് വാഹനത്തിൽ മുന്നിൽ നിന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം നഗരസഭ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ബിജെപി ഭരണസമിതിയുടെ നീക്കത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് രാഹുൽ. മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും പരാതി നല്‍കി. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി ഭീഷണിയെ ഭയക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ഒരു പൊതു സ്ഥാപനത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള ബിജെപി ഭരണസമിതിയുടെ തീരുമാനം വര്‍ഗീയ അജണ്ട തുടരും എന്നുള്ളതിന് തെളിവാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. രാജ്യത്ത് വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും വിഭാഗീയതയുടേയും വിത്ത് പാകിയ പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ പേര് പൊതു സ്ഥാപനത്തിന് നല്‍കാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് നിലപാടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.