fbwpx
നൈനാർ നാഗേന്ദ്രന്‍ തലപ്പത്തെത്തുമ്പോള്‍ തമിഴകത്ത് ബിജെപി മുഖം മിനുക്കുമോ?
logo

ന്യൂസ് ഡെസ്ക്

Posted : 13 Apr, 2025 06:53 AM

അധ്യക്ഷപദവിക്ക് പത്തുവർഷം ബിജെപി അംഗം ആയിരിക്കണമെന്നാണ് നിബന്ധന. നൈനാർ നാഗേന്ദ്രൻ ബിജെപിയിലെത്തിയിട്ട് എട്ടുവർഷം മാത്രമേ ആയിട്ടുള്ളൂ.

NATIONAL


നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ബാക്കി നിൽക്കേ തമിഴ്‌നാട് ബിജെപിയെ നയിക്കാൻ ഇനി പുതിയ മുഖം. കെ അണ്ണാമലൈയ്ക്ക് പകരക്കാരനായി നൈനാർ നാഗേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇതിനിടെ ബിജെപി-എഐഎഡിഎംകെ സഖ്യത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ്‌യും രംഗത്തെത്തി. ബിജെപിക്ക് മുന്നിൽ എഐഎഡിഎംകെ അടിമകളെപ്പോലെ കീഴടങ്ങിയെന്നായിരുന്നു സ്റ്റാലിൻ്റെ വിമർശനം. എഐഎഡിഎംകെ, ബിജെപിയുടെ പരസ്യ പങ്കാളിയും ഡിഎംകെ രഹസ്യപങ്കാളിയുമാണെന്നായിരുന്നു വിജയ്‌യുടെ പരിഹാസം.



ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്നാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അണ്ണാ ഡിഎംകെ എൻഡിഎ മുന്നണി വിട്ടത്. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അണ്ണാ ഡിഎംകെയുമായി സഖ്യം ഉറപ്പിക്കുന്നതിനായിരുന്നു കെ. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടുള്ള ബിജെപി നീക്കം. ചെന്നൈയിൽ നടന്ന യോഗത്തിൽ ബിജെപി നിയമസഭാംഗം നൈനാർ നാഗേന്ദ്രനെ തമിഴ്നാട് ബിജെപി അധ്യക്ഷനായി പ്രഖ്യാപിച്ചു. അധ്യക്ഷപദവിക്ക് പത്തുവർഷം ബിജെപി അംഗം ആയിരിക്കണമെന്നാണ് നിബന്ധന. നൈനാർ നാഗേന്ദ്രൻ ബിജെപിയിലെത്തിയിട്ട് എട്ടുവർഷം മാത്രമേ ആയിട്ടുള്ളൂ. എങ്കിലും ഇക്കാര്യത്തിൽ നാഗേന്ദ്രന് കേന്ദ്രനേതൃത്വം പ്രത്യേക ഇളവുനൽകി. വീണ്ടും എൻഡിഎ ക്യാമ്പിലേക്കെത്തിയ അണ്ണാ ഡിഎംകെയുടെ പിന്തുണ ഉറപ്പിക്കാനായതും മികച്ച വോട്ടുബാങ്കുള്ള തേവർ സമുദായത്തിൽനിന്നുള്ള നേതാവ് എന്നതും നാഗേന്ദ്രന് അനുകൂലഘടകങ്ങളായി. നേരത്തേ അണ്ണാ ഡിഎംകെയിലായിരുന്ന നാഗേന്ദ്രൻ 2017 ഓഗസ്റ്റിലാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ തിരുനെൽവേലിയിൽനിന്നുള്ള എംഎൽഎയും ബിജെപി നിയമസഭാകക്ഷിനേതാവും കൂടിയാണ്.



Also Read: AIADMK ബിജെപിയുടെ പരസ്യപങ്കാളിയെങ്കിൽ, DMK രഹസ്യപങ്കാളി; വിമർശനവുമായി വിജയ്



കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2026-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലും തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, ബിജെപി - എഐഎഡിഎംകെ സഖ്യത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ്‌യും രംഗത്തെത്തി.



ബിജെപിക്ക് മുന്നിൽ എഐഎഡിഎംകെ അടിമകളെപ്പോലെ കീഴടങ്ങിയെന്നായിരുന്നു സ്റ്റാലിൻ്റെ വിമർശനം. ഭയത്താൽ രൂപപ്പെട്ട അഴിമതി സഖ്യം മാത്രമാണിത്. കേന്ദ്ര റെയ്ഡുകളിൽ നിന്ന് രക്ഷപെടാൻ അണ്ണാ ഡിഎംകെ ഇപ്പോൾ സംസ്ഥാനത്തെ തന്നെ പണയം വെച്ചു. എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരദാഹത്താൽ നയിക്കപ്പെടുന്ന സഖ്യമാണെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. എന്‍ഡിഎ സഖ്യം ജനവിരുദ്ധമാണെന്നും അണ്ണാ ഡിഎംകെ- ബിജെപി സഖ്യം മൂന്നുതവണ തമിഴ്‌നാട് തളളിയതാണെന്നും വിജയ് പറഞ്ഞു.സഖ്യപ്രഖ്യാപനത്തില്‍ അത്ഭുതമില്ലെന്നും ബിജെപിയുടേത് ഡിഎംകെയെ സഹായിക്കാനുളള നാടകമാണെന്നും വിജയ് ആരോപിച്ചു. ബിജെപിയുടെ രഹസ്യ പങ്കാളി ഡിഎംകെയും പരസ്യ പങ്കാളി എഐഎഡിഎംകെയുമാണെന്ന് വിജയ് പരിഹസിച്ചു. 2026-ലെ തെരഞ്ഞെടുപ്പില്‍ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും,എംജിആറിന്റെ അനുഗ്രഹം ടിവികെയ്‌ക്കൊപ്പമാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.


Also Read: മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ കേരളത്തിലെത്തിച്ച് തെളിവെടുത്തേക്കും; കൊച്ചിയില്‍ സഹായിച്ചയാള്‍ NIA കസ്റ്റഡിയിലെന്ന് സൂചന


ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ ബിജെപിയെ തമിഴ് വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്താൻ കഴിഞ്ഞുവെന്നാണ് എം.കെ. സ്റ്റാലിന്‍ കരുതുന്നത്. തമിഴ്നാട് ഭരണം പിടിക്കാന്‍ അണ്ണാ ഡിഎംകെയുമായി ചേർന്ന് ബിജെപി നടത്തുന്ന പരീക്ഷണം തമിഴക വികാരമുയര്‍ത്തുന്ന സ്റ്റാലിനും മൂന്നാം മുന്നണിയായി ഉയരാൻ ശ്രമിക്കുന്ന ടിവികെയ്ക്കും മുന്നില്‍ വിലപ്പോകുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

KERALA
പ്രതീക്ഷയുടെ വിഷു; സമരപ്പന്തലില്‍ വിഷുക്കണി ഒരുക്കി ആശമാര്‍
Also Read
user
Share This

Popular

KERALA
KERALA
സമൃദ്ധിയിലേക്ക് കൺതുറന്ന് മലയാളിക്ക് ഇന്ന് വിഷു