മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബറിലാണ് 16 നാണ് റാണ കൊച്ചിയിൽ എത്തിയത്
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂർ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തേക്കും. റാണയുടെ 2008ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണമാണ് കേരളത്തിലേക്കും എത്തുന്നത്. കൊച്ചിയിൽ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാനാണെന്ന് റാണ മൊഴി നൽകിയതായാണ് സൂചന. എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയില്‍ ഇയാളെ സഹായിച്ചയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബറിലാണ് 16 നാണ് റാണ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ച റാണ തന്ത്രപ്രധാന പലയിടങ്ങളും സന്ദർശിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥമിക കണ്ടെത്തല്‍. എന്നാല്‍ ഇയാള്‍ ആരൊക്കെയുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നോ എന്തിനാണ് കൊച്ചിയില്‍ എത്തിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്കോ കേരളാ പൊലീസനോ കണ്ടെത്താനായിട്ടില്ല. താഹാവൂർ റാണ താമസിച്ചിരുന്ന കൊച്ചി താജ് റസിഡൻസിയിൽ റിക്രൂട്ട്മെൻ്റിന് മുന്നോടിയായുള്ള ഇൻ്റർവ്യൂ നടന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തൽ. 2008 നവംബർ 16, 17 തിയതികളിൽ ഹോട്ടലിൽ എത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. റാണയുടെ ഫോർട്ട്കൊച്ചി സന്ദർശനവും,സഹായം നൽകിയവരേയും കേന്ദ്രീകരിച്ച് അന്വേഷണം കേരളത്തിൽ നിന്നുള്ള എന്‍ഐഎ സംഘം ആരംഭിച്ചു.
തഹാവൂർ റാണയെ കൊച്ചിയിൽ എത്തിക്കുന്നതിന് മുൻപ് സുരക്ഷ ശക്തമാക്കാനാണ് എന്‍ഐഎയുടെ തീരുമാനം.
നിലവില്‍ തഹാവൂർ റാണ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയിലാണ്. ഏപ്രില്‍ 10ന് വൈകുന്നേരത്തോടെയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ റാണ നടത്തിയത് ഒന്നരപ്പതിറ്റാണ്ട് കാലത്തെ നിയമയുദ്ധമാണ്. ഫെഡറല്‍ കോടതികളെല്ലാം തള്ളിയ റിട്ട് ഒടുവില്‍ യുഎസ് സുപ്രീം കോടതിയും തള്ളി.
2025 ജനുവരി 25 ന് റാണയെ ഇന്ത്യക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി അനുമതിയും നല്‍കി. വിധി ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷയും തള്ളിയതോടെയാണ് റാണയെ ഇന്ത്യയില്‍ എത്തിച്ചത്. ഡല്‍ഹിയിലെത്തിച്ചതിനു പുറകെ റാണയെ പാട്യാല കോടതിയില്‍ ഹാജരാക്കി. ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവയാണ് റാണയ്ക്ക് നിയമസഹായം നല്‍കിയത്.