ഇന്നലെയായിരുന്നു വീടിന് തീപിടിച്ചതിന് പിന്നാലെ അച്ഛനും അമ്മയും മകളും പൊള്ളിമരിച്ചത്
കോട്ടയം എരുമേലിയിൽ വീടിനു തീപിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിന് ഇടയാക്കിയത് ആത്മഹത്യാശ്രമം എന്ന് സംശയം. മകളുടെ വിവാഹത്തെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ അമ്മ സീതമ്മ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് തീപടരാൻ കാരണമെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെയായിരുന്നു അച്ഛനും അമ്മയും മകളും വീടിന് തീപിടിച്ച് മരിച്ചത്.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ജലി നാല് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. അച്ഛൻ സത്യപാലനൊപ്പം ജോലി ചെയ്തിരുന്ന യുവാവുമായി അഞ്ജലി ഇഷ്ടത്തിലായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തെ അഞ്ജലിയുടെ വീട്ടുകാർ എതിർത്തു. ഇതോടെ വെള്ളിയാഴ്ച രാവിലെ യുവാവ് സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് വീട്ടുകാർക്കിടയിൽ തർക്കം ഉണ്ടാവുകയും അച്ഛൻ സത്യപാലൻ്റെ സ്ഥാപനത്തിലെ ആവശ്യത്തിന് കരുതിയിരുന്ന പെട്രോൾ അമ്മ സീതമ്മ എന്ന ശ്രീജ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. ഇവരിൽ നിന്നും തീ പടർന്ന് പിടിച്ചാണ് മറ്റുള്ളവർക്കും ഗുരുതരമായി പൊള്ളലേറ്റത്.
ALSO READ: എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവം; ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മകളും മരിച്ചു
സംഭവസമയം ബാത്റൂമിൽ ആയിരുന്ന മകൻ ഉണ്ണിക്കുട്ടൻ എന്ന അഖിലേഷിനും വീട്ടുകാരെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നി രക്ഷാസേനയെത്തിയാണ് തീ അണച്ചത്. സീതമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. സത്യപാലനും അഞ്ജലിയും ചികിത്സയ്ക്കിടെ വൈകിട്ടോടെയാണ് മരിച്ചത്. 20 ശതമാനം പൊള്ളലേറ്റ അഖിലേഷ് ചികിത്സയിൽ തുടരുകയാണ്. അഖിലേഷിൻ്റെ മൊഴിയെടുത്തതിനുശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.