അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അബ്ബാസിന് കോടതി ജാമ്യം അനുവദിച്ചു
ജയിലിൽ കഴിയുന്ന യുപി എംഎൽഎ അബ്ബാസ് അൻസാരിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. യുപി ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം തടവിലായ അൻസാരിക്ക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അബ്ബാസിന് കോടതി ജാമ്യം അനുവദിച്ചു.
രണ്ട് വ്യത്യസ്ത ബെഞ്ചുകളാണ് അബ്ബാസ് അൻസാരിയുടെ ജാമ്യാപേക്ഷകള്‍ പരിഗണിച്ചത്. അതില്‍ ജസ്റ്റിസുമാരുടെ എം.എം. സുന്ദരേഷും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് അൻസാരിക്ക് ആശ്വാസ വിധി നൽകി. മെയ് 9ന് അലഹാബാദ് ഹൈക്കോടതി ഈ കേസുകളിൽ അബ്ബാസിനു ജാമ്യം നിഷേധിച്ചിരുന്നു. കിഴക്കൻ യുപിയിലെ മുൻ എംഎൽഎയും അധോലോക നേതാവുമായിരുന്ന മുക്താർ അൻസാരിയുടെ മകനാണ് അബ്ബാസ്. രണ്ട് വർഷം മുൻപാണ് മുക്താർ അൻസാരിയെ യുപി പൊലീസ് വെടിവെച്ചുകൊന്നത്.
Also Read: ബാബ സിദ്ദിഖി വധം: ഒന്‍പതാം പ്രതിയും അറസ്റ്റിലാകുമ്പോള്‍ നിഗൂഢ എക്സ് പോസ്റ്റുമായി മകന്‍ സീഷന്‍ സിദ്ദിഖി
സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എംഎൽഎയായ അൻസാരിക്കെതിരെ 2002ലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡി കേസെടുത്തത്. അബ്ബാസ് അന്‍സാരിയുടെ എം/എസ് വികാസ് കൺസ്ട്രക്ഷൻ, എം/എസ് ആഗാസ് എന്നീ രണ്ട് സ്ഥാപനങ്ങളുടെ സാമ്പത്തിക ക്രയവിക്രയത്തിന് കള്ളപ്പണ കേസിലെ മണി ട്രയിലുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. ഈ സ്ഥാപനങ്ങളെ അൻസാരി കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നതായാണ് ഇഡിയുടെ ആരോപണം.