അഭിനേതാക്കളായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ബിച്ചു, അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കൊച്ചിയിലും കേസ് രജിസ്റ്റർ ചെയ്യും
നടൻ ജയസൂര്യക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സിനിമാചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്നാണ് നടിയുടെ പരാതി. മുകേഷ് ഉൾപ്പെടെയുള്ള ആറ് പേർക്കെതിരെയും ഉടൻ എഫ്ഐആർ രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്.
രേഖാമൂലമുള്ള എല്ലാ പരാതികളിലും കേസെടുക്കില്ലെന്നും വ്യക്തതയുള്ള പരാതികളില്‍ മാത്രം എഫ്ഐആര്‍ മതിയെന്നും അന്വേഷണസംഘം നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഏകദേശം 12 മണിക്കൂറോളം പരാതിക്കാരിയുടെ മൊഴി ആലുവയിലെ ഫ്ലാറ്റിലെത്തി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ജില്ലാ പൊലീസ് മേധാവിമാർക്ക് മൊഴി പകർപ്പ് അന്വേഷണ സംഘം കൈമാറി. നടൻ ജയസൂര്യ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആദ്യ പരാതി. ഈ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് പ്രകാരമാണ് കേസ്.
ALSO READ: സിനിമാ മേഖലയിലെ വെളിപ്പെടുത്തല്‍: എല്ലാ പരാതികളിലും കേസെടുക്കില്ല; വ്യക്തതയുള്ളതില്‍ മാത്രം എഫ്ഐആര്‍
അഭിനേതാക്കളായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ബിച്ചു, അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കൊച്ചിയിലും കേസ് രജിസ്റ്റർ ചെയ്യും. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ ആയിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും മൊഴിയിൽ ഉറച്ച് നിൽക്കുന്നതായും പരാതിക്കാരിയായ നടി പറഞ്ഞു.
ALSO READ: രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി യുവാവ്: പീഡിപ്പിച്ചത് ബാംഗ്ലൂരിൽവെച്ച്