തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ സന്ദീപ് ഘോഷും കേസ് അന്വേഷിച്ച താല പൊലീസ് സ്റ്റേഷൻ മേധാവി അഭിജിത്ത് മൊണ്ടാലും ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്
ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോക്ടർ സന്ദീപ് ഘോഷ്, ട്രെയ്‌നി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് സിബിഐ. ഇതിനായിരിക്കാം ഇയാൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നും അന്വേഷണ ഏജൻസി കൊൽക്കത്ത ഹൈക്കോടതിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ സന്ദീപ് ഘോഷും കേസ് അന്വേഷിച്ച താല പൊലീസ് സ്റ്റേഷൻ മേധാവി അഭിജിത്ത് മൊണ്ടാലും ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച സിബിഐയുടെ റിമാൻഡ് കുറിപ്പ് പ്രകാരം ഓഗസ്റ്റ് 9ന് രാവിലെ 9.58ന് സന്ദീപ് ഘോഷിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ ഉടൻ ആശുപത്രിയിൽ എത്തിയില്ലെന്നും പൊലീസിൽ ഔപചാരിക പരാതി രജിസ്റ്റർ ചെയ്തില്ലെന്നും സിബിഐ പറയുന്നു. ഇരയുടെ ശരീരത്തിൽ ബാഹ്യമായ മുറിവുകൾ ഉണ്ടായിരുന്നിട്ടും സന്ദീപ് ഘോഷ് 'ആത്മഹത്യക്ക് പുതിയ സിദ്ധാന്തം' അവതരിപ്പിച്ചതായാണ് സിബിഐ കുറിപ്പിലെ ആരോപണം. മകൾ ആത്മഹത്യ ചെയ്തതാണെന്ന് ആശുപത്രിയിൽ നിന്നുള്ള ഫോൺ കോളിൽ പറഞ്ഞതായി കൊലചെയ്യപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും പറഞ്ഞിരുന്നു.
ഇരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിന് ശേഷം സന്ദീപ് ഘോഷ് പൊലീസ് ഉദ്യോഗസ്ഥനുമായും ഒരു അഭിഭാഷകനുമായും ബന്ധപ്പെട്ടിരുന്നതായി സിബിഐ പറഞ്ഞു. മകളെ അവസാനമായി കാണാനായി ആശുപത്രിയിലെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളെ മുൻ പ്രിൻസിപ്പൽ കണ്ടിരുന്നില്ല. സംഭവത്തിന് ശേഷം മെഡിക്കൽ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഇയാൾ പരാജയപ്പെട്ടുവെന്നും മൃതദേഹം ഉടൻ മോർച്ചറിയിലേക്ക് അയക്കാൻ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസ് അന്വേഷിച്ച താല പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അഭിജിത്ത് മൊണ്ടാലിനെതിരെയും ഗുരുതര ആരോപണങ്ങളാണ് സിബിഐ ഉന്നയിച്ചിരിക്കുന്നത്. ക്രൂരമായ കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും ഒരു മണിക്കൂറിലധികം വൈകിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. മൃതദേഹം പരിശോധിച്ച് ഇരയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് ശേഷവും 'ആർജി കർ എംസിഎച്ചിലെ പിജി ട്രെയിനിയുടെ ശരീരം അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി' എന്നായിരുന്നു പൊലീസിൻ്റെ ആദ്യ ജനറൽ ഡയറി എൻട്രിയിൽ പരാമർശിച്ചത്. അതി ക്രൂരമായ കുറ്റകൃത്യമായിരുന്നിട്ടും എഫ്ഐആർ സമയബന്ധിതമായി രജിസ്റ്റർ ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥൻ പരാജയപ്പെട്ടുവെന്ന് സിബിഐ പറയുന്നു.
ALSO READ: കൊൽക്കത്തയിലെ ബലാത്സംഗക്കൊല: ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
കുറ്റകൃത്യം നടന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിലും അഭിജിത്ത് മൊണ്ടാൽ പരാജയപ്പെട്ടു. ഇത് അനധികൃത ആളുകൾ കുറ്റകൃത്യം ചെയ്യുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനും സുപ്രധാന തെളിവുകൾ നശിപ്പിക്കുന്നതിനും കാരണമായി. മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും പോസ്റ്റ്‌മോർട്ടം വൈകുന്നതിനും ഇയാൾ ഉത്തരവാദിയാണ്. രാവിലെ 10.03ന് കേസിനെ കുറിച്ച് വിവരം ലഭിച്ച പൊലീസ് രാത്രിയോടെയാണ് എഫ്ഐആർ ഫയൽ ചെയ്തതെന്നും സിബിഐ അടിവരയിട്ട് പറഞ്ഞു.
രണ്ടാമതും പോസ്റ്റ്‌മോർട്ടം വേണമെന്ന് കുടുംബാംഗങ്ങൾ പ്രത്യേകം ആവശ്യപ്പെട്ടിട്ടും, അഭിജിത്ത് മൊണ്ടാൽ തിടുക്കപ്പെട്ട് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നു അന്വേഷണത്തിൻ്റെ തുടക്കം മുതൽക്കെ പൊലീസിൻ്റെ ലക്ഷ്യമെന്നും, ചോദ്യം ചെയ്തപ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും ഏജൻസി കോടതിയിൽ വ്യക്തമാക്കി.
ALSO READ:കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പാളും പൊലീസുകാരനും അറസ്റ്റിൽ
ആഗസ്റ്റ് 9ന് രാവിലെ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എന്ന നിലയിൽ സന്ദീപ് ഘോഷിൻ്റെ പങ്ക് പലരും ചോദ്യം ചെയ്തിട്ടുണ്ട്. സ്ഥാപന മേധാവിയായ അദ്ദേഹം എന്തുകൊണ്ട് അടിയന്തരമായി പ്രാഥമിക വിവര റിപ്പോർട്ട് നൽകിയില്ലെന്ന് സുപ്രീം കോടതി പോലും ചോദിച്ചിരുന്നു.
ഇരയുടെ മാതാപിതാക്കളെ അറിയിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കുറ്റകൃത്യം നടന്ന സെമിനാർ ഹാളിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നടപടികളെക്കുറിച്ചും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊലപാതകം നടന്ന രണ്ട് ദിവസത്തിനകം പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.