fbwpx
ശീഷ്‌ മഹൽ മോടി പിടിപ്പിക്കല്‍; ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ
logo

ന്യൂസ് ഡെസ്ക്

Posted : 15 Feb, 2025 11:33 AM

നവീകരിച്ച ബംഗ്ലാവ് 2015 മുതൽ 2024 ഒക്ടോബർ വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതി ആയിരുന്നു

NATIONAL


ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ മുൻ ഔദ്യോഗിക വസതിയുടെ നവീകരണത്തിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നു വന്നതിൻ്റെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി)റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 8 ഏക്കറോളം വിസ്തൃതിയുള്ള ആഡംബര വസതി നിർമിക്കുന്നതിന് കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താൻ സിപിഡബ്ല്യുഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക വസതിയുടെ നിർമാണത്തിന് സർക്കാർ നിയന്ത്രണങ്ങൾ മറികടന്നുവോ എന്നും അന്വേഷണസംഘം അന്വേഷിക്കും.


ALSO READപുതിയ മുഖ്യമന്ത്രി ശീഷ് മഹലിലേക്ക് ഇല്ല; നിലപാടറിയിച്ച് ബിജെപി



കെജ്‌രിവാൾ പൊതുസ്വത്ത് ദുരുപയോഗം ചെയ്തുവെന്നും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി 50,000 ചതുരശ്ര മീറ്റർ വികസിപ്പിച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു. നാല് സർക്കാർ വസ്‌തുക്കൾ ലയിപ്പിച്ചാണ് ബംഗ്ലാവ് വികസിപ്പിച്ചതെന്നും ലയനം മാറ്റണമെന്നും ഡൽഹി ബിജെപി പ്രസിഡൻ്റ് വീരേന്ദ്ര സച്ച്‌ദേവ ലഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. “ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി അതിൽ താമസിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. നവീകരിച്ച ബംഗ്ലാവ് 2015 മുതൽ 2024 ഒക്ടോബർ വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതി ആയിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചതിന് പിന്നാലെയാണ് കെജ്‌രിവാൾ വസതി ഒഴിഞ്ഞത്.



തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഓഡിറ്റ് ട്രയൽ റിപ്പോർട്ട് പുറത്തുവന്നത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ 33 കോടി രൂപ ചെലവഴിച്ച് ഔദ്യോഗിക വസതി നവീകരിച്ചതായാണ് സിഎജിയുടെ കണ്ടെത്തൽ. അതിൽ പകുതിയിലധികവും അലങ്കാരപ്പണികൾക്കാണ് ചെലവിട്ടതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.


ALSO READ'ശീഷ് മഹൽ വിവാദം' അടുത്ത ഘട്ടത്തിലേക്ക്; മുഖ്യമന്ത്രിയായിരിക്കെ വീട് നവീകരിക്കാൻ 33 കോടി രൂപ ചെലവഴിച്ചതായി CAG കണ്ടെത്തൽ


2020 മുതൽ 2022 വരെ നിരവധി തവണ എസ്റ്റിമേറ്റുകൾ പുതുക്കി. 33.62 കോടിയിൽ അലങ്കാരപ്പണികൾക്ക് മാത്രം 19 കോടിയോളം ചെലവഴിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വസതിയിലെ കർട്ടനുകൾ മാറ്റാൻ 96 ലക്ഷവും, അടുക്കള നവീകരിക്കാൻ 39 ലക്ഷവും ചെലവിട്ടു. ടിവി കൺസോൾ സ്ഥാപിക്കുന്നതിന് 20 ലക്ഷവും, ട്രെഡ്‌മിൽ, ജിം ഉപകരണങ്ങൾ എന്നിവയ്ക്കായി 18.52 ലക്ഷവും സിൽക്ക് കാർപെറ്റുകൾക്കായി 16.27 ലക്ഷവും, മിനിബാറിനായി 4.80 ലക്ഷവും ചെലവഴിച്ചു.


ചുവരുകളിൽ മാർബിൾ സ്ഥാപിക്കുന്നതിന് 20 ലക്ഷമാണ് വകയിരുത്തിയിരുന്നതെങ്കിലും പണി പൂർത്തിയായപ്പോൾ 66 ലക്ഷമായി. ഫ്ലോർ ടൈലുകൾ സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്തിമ ചെലവ് 14 ലക്ഷമായി ഉയർന്നുവെന്നും സിഎജി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് എഎപിക്കെതിരെ ബിജെപി ഉന്നയിച്ച പ്രധാന അഴിമതി ആരോപണങ്ങളിൽ ശീഷ്മഹലിൻ്റെ സ്ഥാനം മുൻനിരയിലായിരുന്നു.


ALSO READഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ശീഷ് മഹലിൽ കൊമ്പ്കോർത്ത് ആം ആദ്മിയും ബിജെപിയും



ആംആദ്മി പാർട്ടിയുടെ അഴിമതിയുടെ പ്രതീകമാണ് കെജ്‌രിവാളിൻ്റെ ശീഷ്മഹൽ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നും മോദിയുടെ ആരോപിച്ചിരുന്നു. കെജ്‌രിവാൾ ധൂർത്ത് നടത്തിയെന്ന് ബിജെപി ആരോപിക്കുമ്പോൾ ഔദ്യോഗിക വസതി മുഖ്യമന്ത്രിയുടെ വ്യക്തിസ്വത്തല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ആംആദ്മി പ്രതിരോധം തീർത്തത്. 


Also Read
user
Share This

Popular

NATIONAL
KERALA
രക്ഷാപ്രവർത്തനത്തിന് നാവിക സേനയും; തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു