ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തുകൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് കത്തെഴുതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് പിൻഗാമിയെ ശുപാർശ ചെയ്തത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തുകൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് കത്തെഴുതി. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് പുതിയ ആളെ നിർദേശിക്കാനുള്ള അധികാരമുണ്ട്. ഈ കീഴ്വഴക്കമനുസരിച്ചാണ് പുതിയ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നവംബർ പത്തിനാണ് വിരമിക്കുന്നത്.
ALSO READ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇന്ന് കേരള ഹൈക്കോടതിയില്‍; ഡിജിറ്റലൈസേഷൻ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
ഡി.വൈ ചന്ദ്രചൂഡിൻ്റെ ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം ലഭിക്കുകയാണെങ്കിൽ, ജസ്റ്റിസ്. സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51ാ മത് ചീഫ് ജസ്റ്റിസ് ആകും. നിലവിൽ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന അഭിഭാഷകനാണ് സഞ്ജീവ് ഖന്ന. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്ന ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിലേക്ക് എത്തിയത്. ചീഫ് ജസ്റ്റിസ് ആയാൽ, അടുത്ത വർഷം, മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയ്ക്ക് ഈ സ്ഥാനത്ത് ഇരിക്കാൻ സാധിക്കുക.
ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായിരിക്കെ ഖന്ന, നിരവധി ക്രിമിനൽ കേസുകളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാകുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയും, 2006ൽ സ്ഥിരം ജഡ്ജിയുമായി. 2019 ജനുവരി 18നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്നതിന് മുൻപ് സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ജസ്റ്റിസ് ഖന്ന.