പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങൾക്ക് നേരെയും സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെ പിണറായി വിജയൻ വിമർശനമുന്നയിച്ചു.
കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് സിപിഐഎം പൊതുസമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന് കേരള വിരുദ്ധ നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നവകേരള സൃഷ്ടിക്കാവശ്യമായ സഹായം കേന്ദ്രം നൽകിയില്ലെന്നും അതിനും മാത്രം നമ്മൾ എന്ത് പാതകമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങൾക്ക് നേരെയും സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെ പിണറായി വിജയൻ വിമർശനമുന്നയിച്ചു.
കേന്ദ്രം നമ്മുടെ നാടിനെ ശ്വാസംമുട്ടിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ന്യായമായി അർഹതപ്പെട്ട കേന്ദ്ര വിഹിതം നഷ്ടപ്പെട്ടു. വായ്പാ പരിധി ഒരു ന്യായവും ഇല്ലാത്ത തരത്തിൽ വെട്ടി കുറച്ചു. നവ കേരള സൃഷ്ടിക്കായുള്ള യാത്ര ശരിയായ പാതയിൽ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി, നവ കേരള സൃഷ്ടിക്കാവശ്യമായ സഹായം കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
എന്നാൽ മുൻ അനുഭവം വെച്ച് നോക്കിയാൽ കേന്ദ്ര സഹായം കിട്ടാൻ സാധ്യതയില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾക്ക് എല്ലാം സഹായവും ലഭിച്ചു. വയനാടിന്റെ കാര്യത്തിൽ നമുക്ക് മാത്രം സഹായം ലഭിച്ചില്ല. ഒരു റിപ്പോർട്ടും ഇല്ലാതെ തന്നെ മറ്റ് പല സംസ്ഥാനങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്. ഇവിടെ വ്യക്തമായ വിവേചനം കാണാൻ കഴിയും. അതിന് മാത്രം എന്ത് പാതകമാണ് നമ്മൾ ചെയ്തത്. ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ രാജ്യത്തിന് നേടിക്കൊടുത്ത നമ്മുടെ നാടിന് നേരെ കേരള വിരുദ്ധ സമീപനം കേന്ദ്രത്തിൽ നിന്നും ഉണ്ടാകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് നേരെയും പിണറായി വിജയൻ രൂക്ഷ വിമർശനമുന്നയിച്ചു. മുണ്ടക്കൈ ചൂരൽമല പ്രശ്നത്തിൽ എംപിമാർ ആരോഗ്യപരമായാണ് സമീപിച്ചത്. എന്നാൽ പ്രതിപക്ഷം എങ്ങനെ കേരളത്തെ കുറ്റപ്പെടുത്താം എന്നാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾക്ക് നേരെയും മുഖ്യമന്ത്രിയുടെ വിമർശനമുണ്ടായി. നാടിൻറെ താല്പര്യം ഹനിക്കുമ്പോഴും കേന്ദ്ര സമീപനത്തിനെതിരെ ശക്തമായ നിലപാട് എടുക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. മഹാഭൂരിഭാഗം മാധ്യമങ്ങളും സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. ഈ വിഷമവൃത്തത്തിലാണ് നാടിനെ പുരോഗതിയിൽ എത്തിക്കാനുള്ള നടപടി എൽഡിഎഫ് സ്വീകരിച്ചിട്ടുള്ളതെന്നും നാടിൻ്റെ വിഭവശേഷി ചോർത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ആരും പ്രതീക്ഷിക്കാത്ത വലിയ മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നു: എം.വി. ഗോവിന്ദൻ
ജനങ്ങളുടെ ഒരുമയുടെ കരുത്തെന്ന അസാമാന്യ ശേഷി നമ്മുടെ നാടിനുണ്ട്. ഇനിയും മുന്നോട്ടുപോകാൻ അധിക വിഭവ സമാഹരണം വേണം. അങ്ങനെയുള്ള എല്ലാ നിക്ഷേപങ്ങളും സംസ്ഥാനത്തേക്ക് വരണമെന്നാണ് ഈ സമ്മേളനം അടിവരയിട്ടത്. നാടിൻ്റെ താല്പര്യത്തിന് അനുസൃതമായ വിഘാതം വരാത്ത ഏതു നിക്ഷേപവും സ്വീകരിക്കും എന്നുതന്നെയാണ് പാർട്ടിയുടെ നിലപാട്. നാടിൻ്റെ താല്പര്യങ്ങൾ ബലി കൊടുക്കുന്ന തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.