നാടിൻ്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകൾ ഉദ്ധരിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു ജന പ്രതിനിധി വ്യക്തമാക്കി
പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദപ്പെട്ടവർ പരസ്യമായി കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ല എന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നടപടികൾ സ്വീകരിക്കുന്നത്. നിക്ഷേപകർ കേരളത്തെ നേരത്തേ കൈയ്യൊഴിഞ്ഞിരുന്നു. ഇന്ന് സാഹചര്യം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തരൂരിൻ്റെ പ്രസ്താവനയിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. നാടിൻ്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകൾ ഉദ്ധരിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു ജന പ്രതിനിധി വ്യക്തമാക്കി. അത് വെറുതെ പറയുന്നതല്ല. അദ്ദേഹം സാധാരണ ഒരു പൊതുവായ പ്രസ്താവന നടത്തുകയല്ല ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞത് അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തമല്ല. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് കണ്ടെത്തിയതാണ്. മന്ത്രി തുല്യനായ വ്യക്തി ഇതിനെതിരെ പറയുന്നു. നാടിന്റെ കൂടെ നിൽക്കാൻ ഇവർക്ക് സാധിക്കുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. സ്റ്റാർട്ട് അപ്പ് മേഖലയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. നാടിൻ്റെ നേട്ടം അംഗീകരിക്കണം. അത് എൽഡിഎഫിൻ്റെ നേട്ടമായി കാണണ്ട എന്നും അദ്ദേഹം പറഞ്ഞു.
ഐടി സ്റ്റാർട്ടപ്പിൽ ലോകത്ത് മികച്ച നേട്ടമുണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞു. അതാണ് അക്കമിട്ട് പറഞ്ഞത്. റോഡ് വികസനത്തിലുടെ സമഗ്ര വികസനമാണ് സാധ്യമാക്കുന്നത്. ജലപാതയുടെ പ്രവൃത്തിയും വേഗത്തിൽ പൂർത്തിയാക്കും. കേരളത്തിൻ്റെ ചിത്രം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. നമ്മുടെ യോഗ്യത കൊണ്ടാണ് അംഗീകരിച്ചത്. കേരളം നമ്പർ വൺ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അർഹതപ്പെട്ടത് കേരളത്തിന് ലഭിക്കുന്നില്ല. മുണ്ടക്കൈ - ചൂരൽ മല ദുരന്തം തന്നെ ഇരിന് ഉദാഹരണമാണ്. ദുരന്തത്തിൽ സഹായമല്ലേ നൽകേണ്ടത്. വായ്പ അല്ല നൽകേണ്ടത്. ദുരന്തത്തിന്റെ ഭാഗമായുള്ള സഹായം ആ നിലക്ക് തന്നെ ലഭിക്കണം. അതിനായി കൂടുതൽ സമ്മർദം ചെലുത്തും. പശ്ചാത്തല വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പയിൽ എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നഴ്സിങ് കോളേജിലെ റാഗിങ്ങിലും അദ്ദേഹം പ്രതികരിച്ചു. കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസിലാക്കുന്നതിനുള്ള ശേഷി അധ്യാപകർക്ക് വേണം. മയക്കുമരുന്നു മാഫിയയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണം. രാജ്യഭരണം തന്നെ അട്ടിമറിയ്ക്കാൻ ശേഷിയുള്ളവരാണ് മയക്കുമരുന്നു മാഫിയ. ജാഗ്രതയോടെയുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.