സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ചൈന പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സിന്ദു നദീജല കരാര്‍ റദ്ദാക്കുകയും പാകിസ്ഥാനി വിസകള്‍ രാജ്യത്ത് നിരോധിക്കുകയും ചെയ്തു. ഇന്ത്യയില്‍ തുടരുന്ന പാകിസ്ഥാനികളോട് എത്രയും പെട്ടെന്ന് രാജ്യം വിണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണം എല്ലാ പൗരന്മാരുടെയും ഹൃദയം തകര്‍ത്തു. ഹൃദയം തകര്‍ത്ത ഭീകരര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ വളര്‍ച്ച ഭീകരവാദികള്‍ക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐക്യത്തോടെ തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു.
ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തില്‍ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാര്‍ഢ്യവും. ഭീകരതയ്ക്കെതിരായ നമ്മുടെ നിര്‍ണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.