fbwpx
ആശാ വർക്കർമാർക്ക് ഭീഷണി സന്ദേശവുമായി CITU; സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 12:12 PM

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിനു പിന്തുണയുമായി ആശാ വർക്കർമാർ ആലപ്പുഴ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മാർച്ചിൽ പങ്കെടുക്കരുതെന്നാണ് സിഐടിയു നിർദേശം

KERALA

സെക്രട്ടേറിയറ്റ് പടിക്കലെ സമരം 17-ാം ദിവസത്തിലേക്ക് പ്രവേശിക്കവെ ആലപ്പുഴയിൽ ആശാവർക്കർമാർക്ക് സിഐടിയുവിന്റെ ഭീഷണി സന്ദേശം. നാളെ നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്നും, മാർച്ചിൽ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെക്കണമെന്നുമാണ് സിഐടിയുവിൻ്റെ നിർദേശം. എല്ലാം നേടി തന്നത് സിഐടിയു ആണെന്ന് ഓർക്കണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.


സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിനു പിന്തുണയുമായി ആശാ വർക്കർമാർ ആലപ്പുഴ കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മാർച്ചിൽ പങ്കെടുക്കരുതെന്നാണ് സിഐടിയു നിർദേശം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ലെന്ന് പറഞ്ഞ സിഐടിയു, തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിലുണ്ടെന്ന് അധിക്ഷേപിച്ചു. എല്ലാം നേടി തന്നത് സിഐടിയു ആണെന്ന് ഓർക്കണം. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങൾ നേടി, എല്ലാം അവസാനിപ്പിച്ച് എത്തിയപ്പോഴാണ് ഇവർ പുതിയ സമരവുമായി വന്നത്. മാർച്ചിൽ പങ്കെടുക്കാൻ വിളിച്ചാൽ ഒഴിഞ്ഞുമാറണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.


ALSO READ: ''എന്നെയും UDF പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തല അടിച്ചുപൊട്ടിക്കും''; ഭീഷണി പ്രസംഗവുമായി പി.വി. അന്‍വര്‍


കളക്ടറേറ്റ് മാർച്ചിന് ബദലായി സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സമരം സംഘടിപ്പിക്കുമെന്നും സംഘടന പ്രഖ്യാപിച്ചു. പാസ്പോർട്ട് ഓഫീസിലേക്കാണ് ആശാ വർക്കേഴ്സ് യൂണിയൻ-സിഐടിയു മാർച്ച്. രണ്ട് സമരവും നാളെ ഒരേ സമയത്താണ് നടക്കുക. കളക്ടറേറ്റും പാസ്പോർട്ട് ഓഫീസും തമ്മിൽ 250മീറ്റർ മാത്രം അകലമാണുള്ളത്. സ്വതന്ത്ര യൂണിയൻ ആശകളുടെ കളക്ടറേറ്റ് മാർച്ച് മുൻ എം പി ഡോ. കെ. എസ്. മനോജ് ഉദ്ഘാടനം ചെയ്യുമ്പോൾ, സിഐടിയു സമരം പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.


അതേസമയം ആശാ വർക്കർമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീം രംഗത്തെത്തി. സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന. സമരം ചെയ്യേണ്ട രീതി ഇതല്ല. പ്രതിഷേധത്തിന് പിന്നിൽ മറ്റാരുടെയോ പിന്തുണയുണ്ടെന്നും മാധ്യമ ശ്രദ്ധ കിട്ടുന്നത് വീണ്ടും സമരം ചെയ്യാൻ പ്രേരണ ആകുന്നുവെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.


ALSO READ: തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന ഉത്തരവ് തള്ളി ആശാ വര്‍ക്കര്‍മാര്‍; ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരാന്‍ തീരുമാനം


സമരം പൊളിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും, രോഗികളെയും സഹായം ആവശ്യമുള്ളവരെയും ബുദ്ധിമുട്ടിച്ചു കൊണ്ടല്ല സമരം ചെയ്യണ്ടതെന്നും എളമരം കരീം പറഞ്ഞു. സർക്കാർ എതിർക്കുന്നത് സമരത്തെ അല്ല, സമരം ചെയ്യുന്ന രീതി ആണ്. ആശാവർക്കർമാരുടെ ക്ഷേമത്തിനായാണ് സർക്കാർ എന്നും പ്രവർത്തിച്ചിട്ടുള്ളത്. ഇൻസെന്റീസ് ഉൾപ്പെടെ കേന്ദ്രത്തിൽ നിന്ന് വാങ്ങിക്കൊടുത്തത് സർക്കാരാണ്. പ്രശ്നം പരിഹരിക്കപ്പെടേണ്ടത് തന്നെയാണെന്നും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും എളമരം കരീം വ്യക്തമാക്കി.


എളമരം കരീമിനെയും സിഐടിയുവിനെയും തകർക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നെന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ്റെ പക്ഷം. ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്രത്തെ പഴിചാരുകയാണ് ടി.പി.  യഥാർത്ഥ പ്രതിസന്ധി സൃഷ്ടിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും എന്നാൽ യഥാർഥ്യം വിസ്മരിക്കുകയാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ആശ വർക്കർമാരെ മുൻ നിർത്തി സർക്കാരിനും സിഐടിയുവിനുമെതിരെ പ്രചരണം നടക്കുകയാണ്.  ചില മാധ്യമങ്ങൾ ഇതിന് കൂട്ട് നിൽക്കുന്നു.  എളമരം കരീമിന് എതിരെയുള്ള അതിക്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനർ,  സിഐടിയുവിനെ തകർക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നെന്നും കൂട്ടിച്ചേർത്തു. ആശവർക്കർമാർക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകളിൽ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ആശാ വർക്കർമാരുടെ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇടതുപക്ഷ തൊഴിലാളി സംഘടനയായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിൻ്റെ (എഐടിയുസി) പക്ഷം. തൊഴിലാളി വിഷയങ്ങളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപിടിക്കണം. തൊഴിലാളികൾക്ക് നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് അനുകൂലമായ ഭരണപരമായ നടപടി ഉണ്ടാകണം. സമരം ചെയ്യുന്ന തൊഴിലാളികളോട് പ്രതികാര നടപടി ഉണ്ടാകരുതെന്നും എഐടിയുസി പറഞ്ഞു.

NATIONAL
അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക്; അഭ്യൂഹം തള്ളി ആംആദ്മി
Also Read
user
Share This

Popular

KERALA
KERALA
ഫോൺ ചോർത്തൽ പരാതി; പി. വി. അൻവറിൻ്റെ മൊഴി രേഖപ്പെടുത്തി