സ്കൂള്‍ അധികൃതർ കടുത്ത ദുർമന്ത്രവാദ വിശ്വാസികളാണ് എന്ന് പൊലീസ് അറിയിച്ചു
ഉത്തർപ്രദേശിലെ ഹത്രസിൽ സ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി നൽകിയതായി റിപ്പോർട്ട്. റാസ്‌ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിൻ്റെ വളർച്ചയ്ക്കായി വിദ്യാർഥിയെ ഹോസ്റ്റലിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സ്‌കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്, മൂന്ന് അധ്യാപകര്‍ എന്നിങ്ങനെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സ്‌കൂൾ ഡയറക്ടർ ദിനേശ് ബാഗേലിൻ്റെ പിതാവ് കടുത്ത ദുർമന്ത്രവാദ വിശ്വാസിയായിരുന്നെന്നാണ് റിപ്പോർട്ട്. സ്‌കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്ത് നിന്ന് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ ഹോസ്റ്റലിൽ നിന്ന് പുറത്തെത്തിയപ്പോൾ തന്നെ കുട്ടി ഉറക്കെ നിലവിളിക്കാൻ തുടങ്ങി. തുടർന്ന് കുട്ടിയെ ഹോസ്റ്റലിൽ വെച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: ലഫ്. ഗവര്‍ണര്‍-ആം ആദ്മി പോരിനിടെ ഡല്‍ഹി സിവിക് ബോഡി പാനല്‍ തെരഞ്ഞെടുപ്പ് ഇന്ന്
സ്‌കൂൾ മാനേജ്മെൻ്റിൽ നിന്നും കുട്ടിക്ക് അസുഖം ബാധിച്ചെന്ന വിവരവുമായി ഫോൺകോൾ വന്നതായി വിദ്യാർഥിയുടെ പിതാവ് കൃഷൻ കുശ്‌വാഹ നൽകിയ പരാതിയിൽ പറയുന്നു. കുശ്‌വാഹ സ്‌കൂളിലെത്തിയപ്പോൾ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. തുടർന്ന് സ്‌കൂൾ ഡയറക്ടർ ദിനേശ് ബാഗേലിൻ്റെ കാറിൽ നിന്ന് മകൻ്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂളിന് സമീപത്ത് നിന്ന് ദുർമന്ത്രവാദത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. മുൻപും പ്രതികൾ വിദ്യാർഥികളെ ബലിയർപ്പിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സെപ്തംബർ ആറിന് ഒമ്പത് വയസുകാരനായ മറ്റൊരു വിദ്യാർഥിയായ ബലിയർപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.