വീഴ്ചപറ്റിയതാണെന്ന് സമ്മതിച്ച് പിന്നീട് പത്രം രംഗത്തെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു
ദ ഹിന്ദുവിൽ നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഡൽഹിയിലുള്ളപ്പോൾ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയാത്തൊരു ഭാഗം അവർ നൽകി. അത് വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പത്രത്തെ ബന്ധപ്പെടുകയും, തെറ്റായ കാര്യം വരാനുണ്ടായ സാഹചര്യത്തെ കുറിച്ച അവരോട് തന്നെ അന്വേഷിക്കാനും ആവശ്യമായ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചപറ്റിയെന്ന് സമ്മതിച്ച് പിന്നീട് പത്രം രംഗത്തെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പിആർ ടീമിനെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല.
നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചിലകാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തുക. അത് ജില്ലക്ക് എതിരല്ല. കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. 2020 മുതൽ 147.79 കിലോ ഗ്രാം സ്വർണമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടിയത്. ഇതിൽ 124 കിലോയും കരിപ്പൂരിൽ നിന്നാണ്. സ്വർണ്ണക്കടത്ത് ഹവാല ഇത്തരം കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതെല്ലാം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ഇവരെ തൊടുമ്പോൾ ചിലർക്കെന്തിനാണ് പൊള്ളുന്നത്. ഇത് രാജ്യത്ത് നടക്കാൻ പാടില്ലാത്തതാനെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണം കടത്തുന്നതും ഹവാലാ കടത്തുന്നതും രാജ്യസ്നേഹപരം എന്ന് കരുതാൻ കഴിയില്ല. തെറ്റ് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ നടപടികൾ ഉണ്ടാകും. ഇതിൽ ഒന്നും പൊലീസ് നടപടി സ്വീകരിക്കേണ്ട എന്ന് വിമർശിക്കുന്നവർ ചിന്തിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു. എന്നാൽ പരാമർശം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം രംഗത്തെത്തി. അഭിമുഖത്തിൽ തെറ്റ് സംഭവിച്ചെന്ന് വ്യക്തമാക്കി ദ ഹിന്ദു വിശദീകരണ കുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിച്ച് പി.ആർ ഏജൻസി നൽകിയ വാർത്തയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചെന്നും പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ 'കൈസൻ' ദി ഹിന്ദുവിനെ സമീപിച്ചിരുന്നുവെന്ന് ദി ഹിന്ദുവിന്റെ എഡിറ്റർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സെപ്തംബർ 29ന് രാവിലെ 9 മണിക്കാണ് കേരള ഹൗസിൽ വെച്ച് പത്രത്തിൻ്റെ മാധ്യമ പ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടിയെന്നും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് ഇത് അഭിമുഖത്തിൽ ചോദിച്ചതല്ലെന്നും പി ആർ ഏജൻസി എഴുതി നൽകിയത് മുഖ്യമന്ത്രി പറഞ്ഞതായി അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയുമായിരുന്നുവെന്നാണ് ദ ഹിന്ദു വിശദീകരണ കുറിപ്പിൽ പറയുന്നത്.