പണയം തിരിച്ചെടുക്കാൻ ബാങ്കിലെത്തിയപ്പോൾ ഫിനാൻസ് സ്ഥാപനത്തെ സമീപിക്കാനാണ് ബാങ്ക് മാനേജർ പറഞ്ഞതെന്നും എന്നാൽ ഫിനാൻസ് സ്ഥാപനം സ്വർണം തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു
തിരുവനന്തപുരത്ത് ദേശസാത്കൃത ബാങ്കിൽ പണയം വച്ച സ്വർണം ഉടമ അറിയാതെ സ്വകാര്യ ഫിനാൻസിൽ പണയപ്പെടുത്തിയതായി പരാതി. വട്ടപ്പാറ സ്വദേശി ജോയിയാണ് ബാങ്ക് മാനേജർക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. പണയം തിരിച്ചെടുക്കാൻ ബാങ്കിലെത്തിയപ്പോൾ ഫിനാൻസ് സ്ഥാപനത്തെ സമീപിക്കാനാണ് ബാങ്ക് മാനേജർ പറഞ്ഞതെന്നും എന്നാൽ ഫിനാൻസ് സ്ഥാപനം സ്വർണം തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.
2024 ജൂണിലാണ് വട്ടപ്പാറ ശിവജി നഗർ സ്വദേശി ജോയിയും കുടുംബവും ദേശസാൽകൃത ബാങ്കിന്റെ മണ്ണന്തല ശാഖയിൽ 13 പവൻ സ്വർണം പണയപ്പെടുത്തിയത്. അന്ന് ബാങ്ക് മാനേജർ അഭിലാഷ് ജോയിയ്ക്ക് നാല് ലക്ഷത്തി നാൽപ്പത്തി നാലായിരം രൂപ നൽകുകയും ചെയ്തു. മകന്റെ ചികിത്സക്കായാണ് കയ്യിലുണായിരുന്ന സ്വർണമത്രയും പണയപ്പെടുത്താൻ കുടുംബം തയ്യാറായത്. എന്നിട്ടും പണം തികയാതെ വന്നതിനാലാണ് സ്വർണത്തിന്മേൽ കൂടുതൽ തുക ആവശ്യപ്പെട്ട് വീണ്ടും ബാങ്കിനെ സമീപിച്ചത്.
എന്നാൽ ബാലരാമപുരത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തെ സമീപിക്കാനാണ് ബാങ്ക് മാനേജർ നിർദേശിച്ചത്. ഇതനുസരിച്ച് ഈ ഫിനാൻസിൽ നിന്നും 47000 രൂപയും ജോയി കൈപ്പറ്റി . പക്ഷേ പണയം തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്ക് മാനേജരും ഫിനാൻസ് സ്ഥാപനവും സ്വർണം തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നാണ് ജോയിയുടെ പരാതി.
അടുത്ത് ബന്ധുക്കളുടെ ഉൾപ്പെടെ സ്വർണം പണയം വച്ച കൂട്ടത്തിലുണ്ട്. ഇത് തിരികെ നൽകാൻ കഴിയാതെ പ്രതിസന്ധിയിലാണ് കുടുംബം. സംഭവത്തിൽ ബാലരാമപുരം പൊലീസിനും മുഖ്യമന്ത്രിയ്ക്കും ജോയി പരാതി നൽകി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സ്വർണം എന്ന് തിരികെ ലഭിക്കും എന്ന കാര്യത്തിൽ ഇതുവരെ നടപടിയായിട്ടില്ല.