fbwpx
"മറാത്തി ഭാഷ സംസാരിച്ചില്ല"; കർണാടകയിൽ ബസ് കണ്ടക്ടർക്ക് മർദനം; ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Feb, 2025 03:54 PM

പ്രതികാര നടപടിയെന്നോണം മഹാരാഷ്ട്ര സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ് ജീവനക്കാരനെ ഒരു കൂട്ടം ആളുകൾ മർദിച്ചു. സംഘർഷത്തിന് പിന്നാലെ കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ബസ് സർവീസുകൾ സ്തംഭിച്ചു

NATIONAL

മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ ഭാഷയുടെ പേരിൽ ബസ് കണ്ടക്ടർക്ക് മർദനം. കർണാടകയിലെ ബെൽഗവിലാണ് മറാത്തി ഭാഷ സംസാരിക്കാത്തതിൻ്റെ പേരിൽ കണ്ടക്ടർക്ക് മർദനമേറ്റത്.   ബസ് കണ്ടക്ടറായ മഹാദേവ് ഹുക്കേരിയാണ് മർദനത്തിനിരയായത്. പ്രതികാര നടപടിയെന്നോണം മഹാരാഷ്ട്ര സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ് ജീവനക്കാരനെ ഒരു കൂട്ടം ആളുകൾ മർദിച്ചു. സംഘർഷത്തിന് പിന്നാലെ കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ബസ് സർവീസുകൾ സ്തംഭിച്ചു.


കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലെ ജീവനക്കാരനാണ് മഹാദേവ് ഹുക്കേരി. കർണാടകയിലെ സുലേഭയിൽ നിന്ന് ബസിൽ കയറിയ യുവതി കണ്ടക്ടറോട് മറാത്തി ഭാഷയിൽ സംസാരിക്കാനാവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് കന്നഡ ഭാഷ മാത്രമേ അറിയുള്ളൂവെന്ന് പറഞ്ഞതോടെ യുവതി കണ്ടക്ടറോട് കയർത്തുസംസാരിച്ചു. പിന്നാലെ മറാത്തി ഭാഷ അറിയില്ലെന്ന പേരിൽ പെൺകുട്ടിയും ആൺസുഹൃത്തും ചേർന്ന് കണ്ടക്ടറെ ആക്രമിച്ചതായാണ് പരാതി. തുടർന്ന് ഒരു കൂട്ടം ആളുകൾ കൂട്ടം ചേർന്ന് ആക്രമിക്കുകയും ബസ് നശിപ്പിക്കുകയും ചെയ്തു. അതേസമയം കണ്ടക്ടർ ലൈംഗീകമായി ചൂഷണം ചെയ്തെന്ന് യുവതി പരാതി നൽകി.  യുവതിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 


ALSO READ: ഡൽഹി പ്രതിപക്ഷ നേതാവായി അതിഷി മർലേനയെ തിരഞ്ഞെടുത്തു; തീരുമാനം എഎപി എംഎൽഎമാരുടെ യോഗത്തിൽ


പ്രതികാര നടപടിയെന്നോണം, പിറ്റേ ദിവസം കർണാടക ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിൽ, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (എംഎസ്ആർടിസി) ബസ് ഡ്രൈവറെ അജ്ഞാതസംഘം ആക്രമിച്ചു. ഭാസ്‌കർ യാദവ് എന്നയാളുടെ മേൽ അജ്ഞാതർ ചേർന്ന് പെയിന്റ് ഒഴിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാഷാ അടിസ്ഥാനത്തിൽ കർണാടക- മഹാരാഷ്ട്ര സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള ബസ് സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു.


മറാത്തി സംസാരിക്കുന്നവർ തിങ്ങിപാർക്കുന്ന ജില്ലയാണ് കർണാടകയിലെ ബെൽഗാവി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ കേന്ദ്രബിന്ദു കൂടിയാണ് ഈ ജില്ല. സംഭവത്തിന് പിന്നാലെ ശത്രുത കണക്കിലെടുത്ത് കർണാടകയിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള ബസ് സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. "തൽക്കാലം മഹാരാഷ്ട്രയിലേക്ക് പോകുന്ന ബസുകളുടെ എണ്ണം ഞങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു, സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്," നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (NWKRTC) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Champions Trophy 2025
India vs Pakistan LIVE: രോഹിത്തിന് പിന്നാലെ ഗില്ലും; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
Also Read
user
Share This

Popular

Champions Trophy 2025
KERALA
India vs Pakistan LIVE: രോഹിത്തിന് പിന്നാലെ ഗില്ലും; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം