സിനിമാരംഗത്തെ യഥാർഥ വില്ലൻമാരെ പുറത്ത് കൊണ്ടുവരണം. എന്നാൽ, ഒന്നരക്കൊല്ലം മാത്രം കാലാവധിയുള്ള സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും കെ. മുരളീധരൻ
ഹേമ കമ്മിറ്റി വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഷ്ട്രീയക്കാർക്കെതിരെ കമ്മീഷനുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചാൽ എന്തുമാകാം. സോളാർ കമ്മീഷൻ്റെ റിപ്പോർട്ടിൻ മേൽ വേഗത്തിൽ കേസെടുത്ത സർക്കാരിന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ കേസെടുക്കാൻ കഴിയുന്നില്ലേയെന്നും മുരളീധരൻ ചോദിച്ചു. സിനിമാ രംഗത്തെ യഥാർഥ വില്ലൻമാരെ പുറത്ത് കൊണ്ടുവരണം. എന്നാൽ, ഒന്നരക്കൊല്ലം മാത്രം കാലാവധിയുള്ള സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഹേമ കമ്മിറ്റി വിഷത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതിക്ക് കൈമാറുമെന്നാണ് വിഷയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കോടതി എന്ത് നിർദേശം നൽകിയാലും നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതി എന്ത് നിർദ്ദേശം നൽകിയാലും നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: സജി ചെറിയാന്‍
റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും ഹൈക്കോടതി തന്നെ പരിശോധിക്കട്ടെ. കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞാല്‍ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം. പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ വനിതാ കമ്മീഷനെയും കക്ഷി ചേർത്തിട്ടുണ്ട്.