പൂരം കലക്കിയത് ഗുരുതര കുറ്റകൃത്യമാണെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും നേതാവ് ആവശ്യപ്പെട്ടു
കേരള പൊലീസിനെതിരായ പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്നും എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും കെ. മുരളീധരൻ പറഞ്ഞു. തൃശൂർ പൂരം കലക്കിയത് എഡിജിപി തന്നെയാണെന്ന് ഭരണപക്ഷ എംഎൽഎ തന്നെ സമ്മതിച്ച സാഹചര്യത്തിൽ എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. പൂരം കലക്കിയത് ഗുരുതര കുറ്റകൃത്യമാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ? കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു. പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ അത് മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുന്നത്. വെളിപ്പെടുത്തൽ നടത്തിയ പി.വി. അൻവറിന് സംരക്ഷണം കൊടുക്കേണ്ടത് സർക്കാരാണ്. രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യമുണ്ടെങ്കിൽ യുഡിഎഫ് ആലോചിച്ചു തീരുമാനിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
അതേസമയം, ഭരണകക്ഷി എംഎൽഎ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പോകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഭരണകക്ഷിയിലുള്ള ഒരു എംഎൽഎയും ഇത്തരത്തിൽ പൊലീസിന് നേരെ ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഇതിന് മുൻപ് നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നുണ്ട് എന്നുമായിരുന്നു പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.
ALSO READ: അൻവർ ഉന്നയിച്ചത് ഗുരുതരമായ ആരോപണം; ലീഗും യു ഡി എഫും ചർച്ച ചെയ്യും: പി.കെ.കുഞ്ഞാലിക്കുട്ടി
പൊലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. ചിലർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും കോൾ റെക്കോർഡ് പുറത്തുവിടുന്നത് വേറെ മാർഗമില്ലാത്തതിനാൽ ആണെന്നും പി.വി. അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനതിരെ പി.വി. അൻവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. അജിത് കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിമാണെന്നും പി.വി. അൻവർ പറഞ്ഞു.