അതേസമയം ഷിൻഡെയുടെ തുറന്നുപറച്ചിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്
കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ നടത്തിയ ജമ്മു കശ്മീർ സന്ദർശനാനുഭവം വിവരിച്ച് കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ. അന്ന് ജമ്മു കശ്മീർ സന്ദർശിച്ചത് ഭയത്തോടെ ആയിരുന്നെന്നാണ് 2012ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെ വെളിപ്പെടുത്തിയത്. സ്വന്തം ഓർമക്കുറിപ്പായ 'അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെ ആണ് ഷിൻഡേയുടെ പരാമർശം.
"വിദ്യാഭ്യാസ വിദഗ്ധനും ഉപദേഷ്ടാവുമായ വിജയ് ധാറിൻ്റെ നിർദേശപ്രകാരമായിരുന്നു കശ്മീർ സന്ദർശിച്ചത്. ലാൽ ചൗക്കും ദാൽ തടാകവും സന്ദർശിച്ച് ജനങ്ങളുമായി സംവദിച്ചു. ലാൽ ചൗക്കിൽ ഷോപ്പിങ് നടത്തി. അന്നത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒപ്പമുണ്ടായിരുന്നു. സന്ദർശനത്തെ ആളുകൾ പുകഴ്ത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി ഭയമില്ലാതെ ശ്രീനഗർ സന്ദർശിച്ചതിൽ ചിലർ ആശ്ചര്യപ്പെട്ടു. എന്നാൽ തൻ്റെ ഉള്ളിലെ ഭയം ആരുമറിഞ്ഞില്ല," ഷിൻഡെ പറഞ്ഞു.
ശ്രീനഗറിലെ ക്ലോക്ക് ടവറും സന്ദർശിച്ചു. 2008ലും 2010ലും കശ്മീർ താഴ്‌വരയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ പാക് പതാക ഉയർന്നത് ഈ ക്ലോക്ക് ടവറിന് മുകളിലാണ്. ഷിൻഡെ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് മുംബൈ ആക്രമണക്കേസ് പ്രതി അജ്മൽ കസബിൻ്റെയും പാർലമെൻ്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിൻ്റെയും വിചാരണയും വധശിക്ഷയും നടന്നത്. ഡൽഹി കൂട്ടബലാത്സംഗം നടന്നപ്പോഴും ഷിൻഡെയായിരുന്നു ആഭ്യന്തരമന്ത്രി.
അതേസമയം, ഷിൻഡെയുടെ തുറന്നുപറച്ചിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. യുപിഎ സർക്കാരിൻ്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കശ്മീരിൽ പോകാൻ ഭയമായിരുന്നെങ്കിൽ, ബിജെപി ഭരണത്തിൽ രാഹുൽ ഗാന്ധിക്ക് കശ്മീരിൽ ഭാരത് ജോഡോ യാത്ര നടത്താനും, മഞ്ഞിൽ കളിക്കുവാനും കഴിഞ്ഞുവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാലെ പ്രതികരിച്ചു. കശ്മീരിനെ ഭീകരതയുടെ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാൻ നാഷ്ണൽ കോൺഫറൻസും കോൺഗ്രസും ശ്രമിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.