കനഗോലു റിപ്പോർട്ടിന്മേലുള്ള യോഗത്തിൽ നേതാക്കളുമായി ഹൈക്കമാൻഡ് വൺടുവൺ ചർച്ച നടത്തും.
കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. കെപിസിസി പുനഃസംഘടന, ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങൾ എന്നിവ ചർച്ച ചെയ്യാനാണ് ഹൈക്കമാൻഡ് കേരള നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. എഐസിസിയുടെ പുതിയ ആസ്ഥാനത്താണ് ഇന്ന് വൈകിട്ട് നാലിന് യോഗം ചേരുക. കനഗോലു റിപ്പോർട്ടിന്മേലുള്ള യോഗത്തിൽ നേതാക്കളുമായി ഹൈക്കമാൻഡ് വൺടുവൺ ചർച്ച നടത്തും.
കെപിസിസി മുൻ അധ്യക്ഷൻമാർ, കെപിസിസി ഭാരവാഹികൾ, കെപിസിസി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന എംപിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പാർട്ടി സംഘടനാ ഘടന ശക്തിപ്പെടുതുന്നതിനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്യും. കെപിസിസി പ്രസിഡൻ്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഡൽഹിയിൽ നടക്കും. രമേശ് ചെന്നിത്തല, കെ സുധാകരൻ, ശശി തരൂർ, എം എം ഹസൻ, എം.കെ രാഘവൻ അടക്കമുള്ള നേതാക്കൾ ഇതിനകം ഡൽഹിയിൽ എത്തിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നൽകിയത് പോലെ പ്രവർത്തക സമിതിയിൽ ക്ഷണിതാവ് ആകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. നിയമസഭാ സീറ്റും രണ്ട് ഡിസിസി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരൻ മുന്നോട്ടുവച്ച ഉപാധി.
അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റിന്റെ ആണ് തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടിന് പിന്നാലെയുള്ള കെ. സുധാകരൻ്റെ ആദ്യം പ്രതികരണം. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ലഭിച്ച സ്ഥാനങ്ങളിൽ പൂർണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കിൽ മാറ്റട്ടെയെന്നും സുധാകരൻ പറഞ്ഞിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ അടിമുടി മാറ്റം വേണമെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കെപിസിസിയിലും ഡിസിസിയിലും ഉടൻ പുനഃസംഘടന ഉണ്ടായേക്കും. ബിജെപിയിലേക്കുള്ള ക്രിസ്ത്യൻവോട്ടുകളുടെ ഒഴുക്ക് തടയാൻ കത്തോലിക്ക വിഭാഗത്തിന് കെപിസിസി അധ്യക്ഷസ്ഥാനം നൽകണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. പുതിയ കെപിസിസി അധ്യക്ഷനായി ആൻ്റോ ആൻ്റണിക്കാണ് സാധ്യത കൂടുതലുള്ളത്.