fbwpx
Harry Haft: അതിജീവനപ്പോരാട്ടത്തില്‍ എതിരാളികളെ ഇടിച്ചൊതുക്കി മരണത്തിനേല്‍പ്പിച്ച ബോക്സര്‍
logo

എസ് ഷാനവാസ്

Posted : 05 Apr, 2025 03:38 PM

നാസി ക്യാമ്പില്‍ മരണ നിഴലില്‍ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഹാഫ്റ്റിന്റെ പോരാട്ടം ഒരു തരത്തില്‍ അതിജീവനം തന്നെയായിരുന്നു

WORLD



എതിരാളികളെ, നിഷ്കരുണം ഇടിച്ചൊതുക്കി മരണത്തിനേല്‍പ്പിച്ചൊരു ബോക്സര്‍. അത്തരമൊരു ദുഷ്പ്പേര് സ്വന്തമാക്കിയ ബോക്സറാണ് ഹാരി ഹാഫ്റ്റ്. ബോക്സിങ് ആരാധകര്‍ക്കൊന്നും, ഈ പേര് അത്രത്തോളം പരിചയമുണ്ടാകണമെന്നില്ല. കാരണം, ഹാരി ഹാഫ്റ്റ് റിങ്ങിലും ജീവിതത്തിലും നടത്തിയത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു.

പോളണ്ടിലെ ബെൽഹാതോഫില്‍ 1925ലായിരുന്നു ഹാഫ്റ്റിന്റെ ജനനം. പ്രൊഫഷണല്‍ ബോക്സര്‍ ആകുക എന്നതായിരുന്നു ഹാഫ്റ്റിന്റെ സ്വപ്നം. എന്നാല്‍ രണ്ടാം ലോക യുദ്ധം ഹാഫ്റ്റിന്റെ സ്വപ്നങ്ങളെയും അപഹരിച്ചു. ജൂത ബാലനായ ഹാഫ്റ്റിനെ പതിനാറാം വയസില്‍, ജര്‍മന്‍ അധിനിവേശത്തിന്റെ ഭാഗമായി നാസികള്‍ തടവിലാക്കി. വിവിധ ക്യാമ്പുകളിലായി പാര്‍പ്പിച്ചശേഷം, 1942ല്‍ ഹാഫ്റ്റിനെയും കുടുംബത്തെയും ഓഷ്വിറ്റ്സില്‍ എത്തിച്ചു. ക്യാമ്പിലെ തടവുകാരുടെ വസ്തുവകകള്‍ അടുക്കിപ്പെറുക്കി വയ്ക്കുന്നതായിരുന്നു ഹാഫ്റ്റിന്റെ ജോലി. അതിനിടെ, ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കായി തടവുകാരുടെ വിലപ്പെട്ട സാധനങ്ങള്‍ മോഷ്ടിക്കാനും തുടങ്ങി. ബാരക്കിലെ സ്ഥിരം പരിശോധനയില്‍ ഹാഫ്റ്റ് പിടിക്കപ്പെട്ടു. കൊടിയ മര്‍ദനം ഹാഫ്റ്റിനെ മരണത്തിന്റെ വക്കിലെത്തിച്ചു. അപ്പോഴും, ഹാഫ്റ്റ് ജര്‍മന്‍ ഉദ്യോഗസ്ഥനെക്കുറിച്ച് വെളിപ്പെടുത്തിയില്ല. അതോടെ, ഹാഫ്റ്റിനെ രക്ഷിക്കാന്‍ അദ്ദേഹം തന്നെയെത്തി. അങ്ങനെയാണ് ഹാഫ്റ്റ് ജോഓര്‍സ്നോ ക്യാമ്പിലേക്ക് എത്തുന്നത്. പട്ടിണിക്കൊപ്പം കൊടിയ മര്‍ദനം ഏല്‍ക്കേണ്ടിവന്നു. അകാലമരണം തന്നെയായിരുന്നു നാസികളുടെ ഉദ്ദേശ്യം. എന്നാല്‍, കായികബലവും ശരീരഘടനയും ഹാഫ്റ്റിന് തുണ നിന്നു. അതോടെ, എസ്എസ് ക്യാമ്പിന്റെ മേല്‍നോട്ടക്കാരന്‍ ഹാഫ്റ്റിന് ഒരു ലൈഫ് ലൈന്‍ നല്‍കി. ഉദ്യോഗസ്ഥരുടെ നേരംപോക്കിനും അവരുടെ സന്തോഷത്തിനുമായി, മറ്റു തടവുകാരുമായി ബെയര്‍ നക്കിള്‍ ബോക്സിങ്ങിനായി അവര്‍ ഹാഫ്റ്റിനെ തിരഞ്ഞെടുത്തു. പാഡിങ്ങോ, ഗ്ലൗസോ ഇല്ലാതെ വെറും കയ്യാലുള്ള പോരാട്ടം. ഓഷ്വിറ്റ്സ് ഉപക്യാമ്പായ ജോഓര്‍സ്നോ കോൺസെൻട്രേഷൻ ലേബർ ക്യാമ്പിലായിരുന്നു ബോക്സിങ് നടന്നിരുന്നത്.

ആ ക്യാമ്പിലുള്ളവരായിരുന്നു, പ്രദേശത്തെ കല്‍ക്കരി ഖനിയില്‍ പണിയെടുത്തിരുന്നത്. ഓരോ മാസവും, ശാരീരിക ക്ഷമത നശിച്ച ഇരുന്നൂറോളം പേരെയാണ് നാസികള്‍ ഗ്യാസ് ചേംബറുകളിലേക്ക് അയച്ചിരുന്നത്. അവിടെ, ഹാഫ്റ്റിന്റെ കാര്യവും അത്രത്തോളം സുഖകരമായിരുന്നില്ല. എന്നാല്‍, ബോക്സിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ടതോടെ, കായികാധ്വാനം വേണ്ട മറ്റു ജോലികളില്‍നിന്ന് ഹാഫ്റ്റിനെ ഒഴിവാക്കി. പോരാട്ടങ്ങള്‍ എല്ലാം ജയിക്കണം എന്നതായിരുന്നു ഏക നിബന്ധന. അതു തന്നെയായിരുന്നു ഏറ്റവും കടുപ്പം. ഞായറാഴ്ചയാണ് ജര്‍മന്‍ ഉദ്യോഗസ്ഥരെ രസിപ്പിക്കാന്‍ ബോക്സിങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നത്. മൂന്നോ നാലോ അഞ്ചോ പേരൊക്കെ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടും. എതിരാളി എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാകാതെ വീഴണം. അപ്പോള്‍ മാത്രമാണ് വിജയിയെ പ്രഖ്യാപിക്കുക. മത്സരത്തില്‍ പരാജയപ്പെടുന്നവരെ നേരെ ആശുപത്രിയിലെത്തിക്കും. പേരിനൊരു ചികിത്സ. അവിടെനിന്ന് അവരെ മരണ ക്യാമ്പിലേക്ക് മാറ്റും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിച്ചില്ലെങ്കില്‍ അവരെ ഈര്‍ച്ചവാളിന് ഏല്‍പ്പിക്കും. ബോക്സിങ്ങില്‍ തോല്‍ക്കുന്നവരുടെ ജീവിതം അവിടെ തീരും. ഹാഫ്റ്റിന്റെ പോരാട്ട വൈദഗ്ധ്യം, അദ്ദേഹത്തിന് 'Jew Animal' (ജൂത മൃഗം) എന്ന് പേര് നല്‍കി. ക്യാമ്പിലെ ഉദ്യോഗസ്ഥരെല്ലാം അങ്ങനെയായിരുന്നു ഹാഫ്റ്റിനെ വിളിച്ചിരുന്നത്. പരാജയപ്പെടുത്തുന്നതിലൂടെ ഓരോ മനുഷ്യനെയും മരണത്തിലേക്കാണ് അയയ്ക്കുന്നതെന്ന് അറിഞ്ഞുകൊണ്ട്, നിലനിൽപ്പിനായി നടത്തുന്ന പോരാട്ടമായിരുന്നു ഹാഫ്റ്റിന് ബോക്സിങ്. ഇത്തരത്തില്‍, മരണത്തിന്റെ കുരുക്ക് മുറുകിപ്പറ്റിയ പോരാട്ടങ്ങളില്‍ 76 പേരെ ഹാഫ്റ്റ് പരാജയപ്പെടുത്തിയിട്ടുണ്ടെന്ന്, 2006ല്‍ ഹാരി ഹാഫ്റ്റ് സര്‍വൈവര്‍ ഓഫ് ഓഷ്വിറ്റ്സ്, ചലഞ്ചര്‍ ഓഫ് റോക്കി മാര്‍സിയാനോ എന്ന പുസ്തകത്തില്‍ മകന്‍ അലന്‍ ഹാഫ്റ്റ് പറയുന്നുണ്ട്. ആരെങ്കിലും ഒരാള്‍ വീഴേണ്ടിയിരുന്നു മത്സരം അവസാനിക്കാനെന്ന് ഹാഫ്റ്റും വിവരിക്കുന്നു. പ്രൊഫഷണല്‍ പോരാട്ടമോ, അമച്വര്‍ പോരാട്ടമോ ആയിരുന്നില്ല അത്. ജര്‍മന്‍കാരെ രസിപ്പിക്കുക മാത്രമായിരുന്നു അതിന്റെ ലക്ഷ്യം. അതില്‍ ഞാന്‍ ജയിച്ചു, അങ്ങനെ അതിജീവിച്ചു - പുസ്തകത്തില്‍ ഹാഫ്റ്റ് പറയുന്നു.




ലോക യുദ്ധാനന്തരം, 1945ലാണ് ഹാഫ്റ്റ് നാസി ക്യാമ്പില്‍നിന്ന് രക്ഷപെടുന്നത്. ആളുകളെ പട്ടിണിയോടെ ബാരക്കുകളില്‍ അടച്ചിടുന്ന കാലമായിരുന്നു അത്. ഭക്ഷണം കിട്ടാതെ ആളുകള്‍ പരസ്പരം പോരടിക്കുന്നതും, ജീവന്‍ നിലനിര്‍ത്താന്‍ മറ്റുള്ളവനെ കൊന്ന് മാംസം ഭക്ഷിക്കുന്ന തരത്തിലേക്കുമൊക്കെ കാര്യങ്ങള്‍ മാറിയിരുന്നു. എങ്ങനെയും രക്ഷപ്പെട്ടില്ലെങ്കില്‍, ജീവിതം അവസാനിക്കുമെന്ന് ഹാഫ്റ്റിന് തോന്നി. അങ്ങനെ അവിടം വിടാന്‍ ഹാഫ്റ്റ് തീരുമാനിച്ചു. എസ്എസ് സൈനികനെ വധിച്ച് അദ്ദേഹത്തിന്റെ യൂണിഫോം അണിഞ്ഞായിരുന്നു ഹാഫ്റ്റിന്റെ യാത്ര. പരിക്കേറ്റ ജര്‍മന്‍ സൈനികനെന്ന വ്യാജേനയായിരുന്നു ഹാഫ്റ്റ് യാത്ര തുടര്‍ന്നത്. അതിനിടെ സംശയത്തോടെ തന്നെ ചോദ്യം ചെയ്ത ജര്‍മ്മന്‍ ദമ്പതികളെയും ഹാഫ്റ്റ് കൊന്നു. അല്ലായിരുന്നെങ്കില്‍, അവര്‍ തന്നെ നാസികളുടെ കൈയില്‍ ഏല്‍പ്പിക്കുമായിരുന്നെന്ന് ഹാഫ്റ്റ് കരുതി. ഒരുവിധം രക്ഷപ്പെട്ടെത്തിയ ഹാഫ്റ്റ്, അമേരിക്കന്‍ സൈനിക ക്യാമ്പിലെത്തി. കോൺസെന്‍ട്രേഷന്‍ ക്യാമ്പിലെ നമ്പര്‍ ടാറ്റൂ കാണിച്ചതോടെ, അവര്‍ ഹാഫ്റ്റിനെ നാടുകടത്തപ്പെട്ടവരുടെ ക്യാമ്പിലേക്ക് മാറ്റി.

1948ല്‍ 23-ാം വയസില്‍ ഹാഫ്റ്റ് ജര്‍മനി വിട്ട് ന്യൂയോര്‍ക്കിലെത്തി. പുതിയ ജീവിതം ആഗ്രഹിച്ചായിരുന്നു ഹാഫ്റ്റ് അമേരിക്കയിലെത്തിയത്. അങ്ങനെയാണ് ഏറെയിഷ്ടപ്പെട്ട ബോക്സിങ്ങിലേക്ക് ഹാഫ്റ്റ് തിരിയുന്നത്. നാസി ക്യാമ്പിലെ അതിജീവനപ്പോരാട്ടങ്ങള്‍, എതിരാളികളുടെ നിര്‍ദാക്ഷിണ്യം ഇടിച്ചിടാനുള്ള അസാമാന്യ ധൈര്യമോ ആത്മവിശ്വാസമോ ഹാഫ്റ്റിന് പകര്‍ന്നുനല്‍കിയിരുന്നു. എത്ര ശക്തനായ എതിരാളിയെയും ഒറ്റ പഞ്ചില്‍ വിറപ്പിക്കാനുള്ള കഴിവ് ഹാഫ്റ്റിനെ റിങ്ങില്‍ പ്രശസ്തനാക്കി. ലൈറ്റ് ഹെവിവെയ്റ്റ് പോരാട്ടങ്ങളില്‍ 21ല്‍ 13 ജയം ഹാഫ്റ്റ് സ്വന്തമാക്കി. എട്ട് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. റിങ്ങിലെ ഏറ്റവും വലിയ പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് ഹാഫ്റ്റ് ബോക്സിങ് കരിയര്‍ അവസാനിപ്പിക്കുന്നത്. 1949 ജൂലൈ 18നായിരുന്നു ആ പോരാട്ടം. റിങ്ങില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത റോക്കി മാഴ്സിയാനോ ആയിരുന്നു ഹാഫ്റ്റിന്റെ എതിരാളി. ആദ്യ റൗണ്ടില്‍ തന്നെ, മാഴ്സിയാനോയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കാന്‍ ഹാഫ്റ്റിനായി. അത്ര ശക്തമായൊരു പഞ്ചായിരുന്നു മാഴ്സിയാനോയ്ക്ക് അടിവയറ്റില്‍ കിട്ടിയത്. പക്ഷേ, മൂന്നാം റൗണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ മാഴ്സിയാനോ ഹാഫ്റ്റിനെ കീഴ്പ്പെടുത്തി. അതോടെ, ഹാഫ്റ്റ് ബോക്സിങ്ങില്‍നിന്ന് വിരമിച്ചു. ന്യൂയോര്‍ക്കില്‍ ഫ്രൂട്ട്സ് സ്റ്റാളും, വെജിറ്റബിള്‍ സ്റ്റോറുമൊക്കെ നടത്തിയായിരുന്നു പിന്നീടുള്ള ജീവിതം. 1950ല്‍ മിരിയാം വൊഫ്സൊനിക്കെറെ വിവാഹം ചെയ്തു, മൂന്ന് കൂട്ടികളുടെ പിതാവുമായി. പിന്നാലെ കുടുംബസമേതം ഫ്ലോറിഡയിലേക്ക് മാറി. 2007ല്‍ അര്‍ബുദ ബാധിതനായാണ് ഹാഫ്റ്റ് ജീവിതത്തോട് വിട പറയുന്നത്.


ALSO READ: പട്ടിണി, നരനായാട്ട്; ഗാസയുടെ നിസ്സഹായത


ഹാഫ്റ്റിന്റെ അസാധാരണ ജീവിതത്തെ ആസ്പദമാക്കി 2021ല്‍ ദി സര്‍വൈവര്‍ എന്ന ചിത്രം പുറത്തിറങ്ങി. ഹാഫ്റ്റിന്റെ മകനായ അലന്‍ ഹാഫ്റ്റിന്റെ പുസ്തകത്തെ ഉപജീവിച്ച്, ബാരി ലെവിന്‍സണാണ് ചിത്രം സംവിധാനം ചെയ്തത്. ബെന്‍ ഫോസ്റ്ററായിരുന്നു ചിത്രത്തില്‍ ഹാഫ്റ്റിനെ അവതരിപ്പിച്ചത്. ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്ത ചിത്രം 2022ല്‍ എച്ച്ബിഒയില്‍ റിലീസ് ചെയ്തു. നാസി ക്യാമ്പിന്റെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ പേറിയുള്ളതായിരുന്നു ഹാഫ്റ്റിന്റെ ജീവിതം. മരണം വരെ അത് ഹാഫ്റ്റിനെ അലട്ടിയിരുന്നതായി മകന്‍ അലന്‍ ഹാഫ്റ്റ് എഴുതിയിട്ടുണ്ട്. അതിഭീകരമായ മാനസികവ്യഥകളില്‍നിന്ന് പൂര്‍ണമായും പുറത്തുകടക്കാന്‍ ഹാഫ്റ്റിന് സാധിച്ചിരുന്നില്ല. ദുസ്വപ്നം പോലെ അത് ഹാഫ്റ്റിനെ അത് പിന്തുടര്‍ന്നിരുന്നു, മരണം വരെ. നന്മതിന്മകളുടെ ആഖ്യാനത്തില്‍ ഹാഫ്റ്റിനെ വിശുദ്ധനായി ചിത്രീകരിക്കാനാകുമോയെന്ന് തീര്‍ച്ചയില്ല. എന്നാല്‍, നാസി ക്യാമ്പിലെ ഏറ്റവും ക്ഷണികമായ ജീവിതത്തില്‍, മരണ നിഴലില്‍ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഹാഫ്റ്റിന്റെ പോരാട്ടം ഒരു തരത്തില്‍ അതിജീവനം തന്നെയായിരുന്നു.

NATIONAL
ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങി പോയ ദമ്പതികളിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്‌നാട് സ്വദേശി പിടിയിൽ
Also Read
user
Share This

Popular

IPL 2025
IPL 2025
"അവർ ചെറുപ്പക്കാർ ആണെങ്കിലെന്താ? രാജ്യത്തിനായി നന്നായി കളിക്കുന്നില്ലേ"; രാജസ്ഥാൻ്റെ വിമർശകരെ തള്ളി നായകൻ സഞ്ജു സാംസൺ