രാജസ്ഥാൻ റോയൽസിൻ്റെ യുവനിരയ്ക്ക് ഐപിഎല്ലിലും നന്നായി കളിക്കാനാകുമെന്ന് സഞ്ജു മത്സര ശേഷം പറഞ്ഞു.
രാജസ്ഥാൻ റോയൽസിൻ്റെ യുവനിരയെ പിന്തുണച്ച് നായകൻ സഞ്ജു സാംസൺ. അവർ ചെറുപ്പക്കാരാണെങ്കിലും രാജ്യത്തിനായി നന്നായി കളിക്കുന്നവരാണ്. അവർക്ക് ഐപിഎല്ലിലും നന്നായി കളിക്കാനാകുമെന്ന് സഞ്ജു മത്സര ശേഷം പറഞ്ഞു.
"പവർപ്ലേയിൽ ഞങ്ങൾ തുടങ്ങിയ രീതി കണ്ടപ്പോൾ അൽപ്പം റൺസ് കുറവാണെന്ന് തോന്നിയിരുന്നു. പക്ഷേ ഞങ്ങൾക്ക് ലഭിച്ച ബാറ്റ്‌സ്മാൻമാരുടെ നിലവാരം മികച്ചതാണ്. 205 റൺസ് വളരെ മികച്ച സ്‌കോറായിരുന്നു. രാജസ്ഥാൻ റോയൽസിൻ്റേത് വളരെ ചെറുപ്പക്കാരുടേതായ ബാറ്റിംഗ് ലൈനപ്പാണ്. പക്ഷേ അവർ രാജ്യത്തിനായി ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവർ വളരെ നന്നായി കളി കൈകാര്യം ചെയ്യുകയും കളിക്കുകയും ചെയ്യുന്നു," സഞ്ജു പറഞ്ഞു.
"ജോഫ്ര ആർച്ചറിൻ്റേയും സന്ദീപ് ശർമയുടേതും വളരെ മാരകമായ ഒരു ബൗളിങ് കോമ്പിനേഷനാണ്. ഒരാൾ 150 സ്പീഡിൽ പന്തെറിയുമ്പോൾ മറ്റൊരാൾ 115 സ്പീഡിലാണ് എറിയുന്നത്. പ്രഷർ ഓവറുകളിൽ എനിക്ക് അവരെ കുറച്ചുകൂടി വിശ്വസിക്കാം. ആർച്ചർ വേഗത്തിൽ പന്തെറിയുമ്പോൾ നമുക്കെല്ലാവർക്കും അത് ഇഷ്ടമാണ്. സന്ദീപാകട്ടെ കഴിഞ്ഞ നാലു വർഷമായി എനിക്ക് വേണ്ടി ഇത് ചെയ്യുന്നുണ്ട്. അദ്ദേഹം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്," സഞ്ജു പറഞ്ഞു.
"ടൈം ഔട്ടിൽ ഞങ്ങൾ ഒരു ചെറിയ മീറ്റിംഗ് നടത്തിയിരുന്നു. അവർ ഗുണനിലവാരമുള്ള ടീമാണെന്നും ഞങ്ങൾക്ക് എളുപ്പത്തിൽ ജയിക്കാൻ കഴിയില്ലെന്നും ഞാൻ പറഞ്ഞു. അവസാന പന്ത് എറിയുന്നത് വരെ വിജയം ഉറപ്പ് നൽകാൻ കഴിയില്ല. അതിനാൽ ഞങ്ങൾ ആ പ്ലാനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഐപിഎല്ലിൽ ഈ സീസണിൽ ഞങ്ങളുടേത് പുതിയ ടീമാണ്. മികച്ച കോമ്പിനേഷൻ, ലൈനപ്പ്, ബാറ്റിംഗ് ഓർഡറുകൾ എന്നിവ കണ്ടെത്താൻ ഞങ്ങൾ സമയമെടുത്തു. ഇതൊരു ദൈർഘ്യമേറിയ ടൂർണമെന്റായതിനാൽ ഞങ്ങൾ പരിക്കുകൾ ശ്രദ്ധിക്കേണ്ടതുണ്ട്," സഞ്ജു പറഞ്ഞു.