നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണ് പാർട്ടി രൂപീകരണത്തെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയസ് ഇഞ്ചനാനിയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു
സ്വതന്ത്ര രാഷ്ട്രീയ സംഘടനാ രൂപീകരണ സൂചനകൾ നൽകി താമരശേരി രൂപത സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനം. അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശേരി ബിഷപ് റെമിജിയസ് ഇഞ്ചനാനിയേൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന സമ്മേളന വേദിയിൽ സംസ്ഥാന സർക്കാരിനെയും വനം വകുപ്പിനെയും കടന്നാക്രമിച്ച നിലപാടിനെ തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംബ്ലാനി പിന്തുണച്ചു.
നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണ് പാർട്ടി രൂപീകരണത്തെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയസ് ഇഞ്ചനാനിയിൽ ന്യൂസ് മലയാളത്തോട് നേരത്തെ പറഞ്ഞിരുന്നു. ജനാധിപത്യ സംവിധാനത്തിൽ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. സമുദായത്തിന്റെ പ്രതിനിധികൾ അവിടെ ഉണ്ടാകണം. ഇപ്പോഴുള്ളവർ കൂടെ നിൽക്കുന്നില്ലെങ്കിൽ മറ്റ് മാർഗങ്ങളിലേക്ക് കടക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി. ചർച്ച് ബില്ല് പ്രയോഗികമല്ലെന്നും സർക്കാർ അതിന് മുതിരുമെന്ന് കരുതുന്നില്ലെന്നും ബിഷപ് പറഞ്ഞു. സഭ ഇനി വോട്ട് ബാങ്ക് ആയി നിലനിൽക്കില്ല എന്നും ഭരണപക്ഷവും പ്രതിപക്ഷവും സമുദായത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയാണെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന സമ്മേളനത്തിന് മുൻപായിരുന്നു താമരശേരി ബിഷപ്പിന്റെ നയം വ്യക്തമാക്കൽ. സമ്മേളന വേദിയിൽ സംസ്ഥാന സർക്കാരിനെയും വനം വകുപ്പിനെയും താമരശേരി ബിഷപ്പ് കടന്നാക്രമിച്ചു. കഴിവില്ലെങ്കിൽ വനം മന്ത്രി രാജി വെക്കണമെന്നും ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എന്തുകൊണ്ട് പൂഴ്ത്തി വെക്കുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാമ്പ്ലാനി മുന്നറിയിപ്പ് നൽകി. ഫിക്സഡ് ഡിപ്പോസിറ്റ് ആയി ആരും ഞങ്ങളെ കാണേണ്ടെന്നും ബിഷപ്പ് തുറന്നടിച്ചു. വഖഫ് നിയമത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളും അപകടത്തിൽ പെടുന്നു. മുനമ്പം നിവാസികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായം കേൾക്കരുത് എന്നും പാംപ്ലാനി പറഞ്ഞു.
മുന്നണികൾക്ക് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ആയിരങ്ങൾ പങ്കെടുത്ത ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം. അവഗണന തുടർന്നാൽ സ്വതന്ത്ര രാഷ്ട്രീയ സംഘടന രൂപീകരിച്ച് മുൻപോട്ട് പോകുമെന്ന പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സഭാ വിശ്വാസികൾ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ക്രൈസ്തവ സമുദായത്തിന്റെ അവകാശ പ്രഖ്യാപനവും രാഷ്ട്രീയ പാർട്ടി രൂപീകരണ സൂചനകളും വരും ദിനങ്ങളിൽ രാഷ്ട്രീയ ഭൂമികയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.