സമരത്തെ നേരിടാൻ അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
സിപിഐ, പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് പണിമുടക്കും. പങ്കാളിത്ത പെൻഷൻ ഒഴിവാക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ ജീവനക്കാരുടെ പണിമുടക്ക്. സമരത്തെ നേരിടാൻ അവധിയെടുക്കലിന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ ഡയസ്നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും.
അതേസമയം, അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിനെ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ പരിഹസിച്ചു. സിപിഐ സംഘടനയായ ജോയിൻ്റ് കൗൺസിലിനെതിരെയാണ് സിപിഎം സംഘടനയുടെ പ്രത്യക്ഷ വിമർശനം. കൊങ്ങി-സംഘി പ്രഭൃതികൾക്കൊപ്പം തോളിൽ കൈയിടാൻ അതിവിപ്ലവകാരികളും ഇറങ്ങിത്തിരിച്ചു. അന്തി ചന്തയിൽ കൂടുന്ന ആളുകൾ പോലും ഇല്ലാത്തവരാണ് വിപ്ലവത്തിന്റെ അട്ടിപ്പേർ അവകാശമേറ്റെടുത്തിരിക്കുന്നതെന്നും വിമർശനം. എന്നാൽ, അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് അറിയാമെന്ന് പരിഹാസത്തിൽ ജോയിൻ്റ് കൗൺസിലിൻ്റെ മറുപടി നൽകി.