ലൂസിയാന, ജോർജിയ, മിസിസിപ്പി, അലബാമ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു
അപൂർവമായ ശൈത്യ കൊടുങ്കാറ്റിനെ നേരിടുകയാണ് അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ. 229 മില്യൺ ജനതയാണ് നിലവിൽ അതിശൈത്യത്തിലൂടെ കടന്നുപോകുന്നത്. ലൂസിയാന, ജോർജിയ, മിസിസിപ്പി, അലബാമ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. നൂറ്റാണ്ടിലെ റെക്കോർഡുകൾ ഭേദിക്കുന്ന മഞ്ഞുവീഴ്ചയാകും ഗൾഫ് തീരങ്ങളിൽ രേഖപ്പെടുത്തുകയെന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
തെക്കൻ സംസ്ഥാനങ്ങളിൽ വരും മണിക്കൂറുകളിൽ മഞ്ഞുവീഴ്ച ശക്തമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഹൂസ്റ്റണിലും ന്യൂഓർലിയൻസിലും മഞ്ഞുവീഴ്ച ശക്തമാകും. ഹൂസ്റ്റണിൽ റോഡുകളും ഫ്രീവെയ്സും അടച്ചു. അലബാമയിൽ ബീച്ചുകൾ ഉൾപ്പടെ മഞ്ഞിൽ മുങ്ങിക്കഴിഞ്ഞു. തെക്കൻ ടെക്സസിലും ലൂസിയാനയിലും റെക്കോർഡ് മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യും. ലൂസിയാനയിൽ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട് ഇതിനകം 50 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ടെക്സസിൽ മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ അപകടത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം വടക്കൻ അമേരിക്കൻ ജനതയെ അപേക്ഷിച്ച് തെക്കൻ ജനതക്ക് ഇതൊരു പുതിയൊരു അനുഭവമാണ്. തെക്കൻ സംസ്ഥാനങ്ങളിൽ പതിവില്ലാത്തതാണ് ഈ മഞ്ഞുവീഴ്ച. അതുകൊണ്ട് തന്നെ വരും മണിക്കൂറുകളിൽ ശൈത്യ കൊടുങ്കാറ്റിൻ്റെ തീവ്രത വർധിക്കുമെങ്കിലും തെക്കൻ സംസ്ഥാനങ്ങളിലുള്ളവർക്ക് ആഘോഷത്തിൻ്റെ മണിക്കൂറുകളാണ്. പ്രായഭേദമില്ലാതെ സ്നോമാനെ നിർമിച്ചും സ്നോബോൾ ഫൈറ്റുമായി ആഘോഷിക്കുകയാണ് തെക്കൻ ജനത.