കഴിഞ്ഞ ദിവസമാണ് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിൻ്റെ പേരിൽ വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്
പാലക്കാട് ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർഥിയുടെ കൊലവിളി വീഡിയോ പ്രചരിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പിന്നാലെ വിദ്യാർഥി നടത്തിയ കൊലവിളി ആഹ്വാനത്തിൻ്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. ഈ സംഭവത്തിലാണ് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസമാണ് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിൻ്റെ പേരിൽ വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. സ്കൂൾ അധികൃത൪ വിദ്യാർഥിയെ സസ്പെൻഡ് ചെയ്‌തിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. വിദ്യാർഥിക്ക് കൗൺസലിംഗ് നൽകുമെന്നും,ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
അതേസമയം വിദ്യാർഥിയുടെ കൊലവിളി വീഡിയോ പ്രചരിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും ഇടപെട്ടു.
"പാലക്കാട് ജില്ലയിലെ ഒരു സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ മത്സരിച്ച് പ്രചരിപ്പിക്കുന്ന മുതിർന്നവരോട്,ഉള്ളിൽ അഗ്നിപർവ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്? ആരാണ് അതിനു കാരണക്കാർ? ആ കുഞ്ഞുങ്ങളാണോ? ഭഗ്നഭവനങ്ങളും സ്നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിൻ്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാം", മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.