fbwpx
ഷാരോണ്‍ രാജ് വധക്കേസ്: വധശിക്ഷയുടെ ശരിയും തെറ്റും
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Jan, 2025 04:30 PM

ഇനിയുള്ള 54 വര്‍ഷമെങ്കിലും തിരുത്തി ജീവിക്കാനുള്ള സാഹചര്യം നല്‍കേണ്ടിയിരുന്നില്ലേ എന്ന ചോദ്യം ഒരു വശത്ത്. ഇരയായ ഷാരോണ്‍ രാജിനും അതേ അവകാശം ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം മറുവശത്ത്.

SPOTLIGHT


ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയ്ക്ക് ഏറ്റവും പരമാവധി ശിക്ഷ വിധിച്ചു. തൂക്കുകയര്‍ എന്ന ആ വിധി പൊടുന്നനെ വധശിക്ഷയുടെ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ചയായി മാറി. 24 വയസ്സുള്ള പെണ്‍കുട്ടി. കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുസ്സ് 78 വയസ്സാണ്. ഇനിയുള്ള 54 വര്‍ഷമെങ്കിലും തിരുത്തി ജീവിക്കാനുള്ള സാഹചര്യം നല്‍കേണ്ടിയിരുന്നില്ലേ എന്ന ചോദ്യം ഒരു വശത്ത്. ഇരയായ ഷാരോണ്‍ രാജിനും അതേ അവകാശം ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം മറുവശത്ത്. കൊല്‍ക്കൊത്തയില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കൊടും ക്രിമിനലിന് അതേ ദിവസം വിധിച്ചത് ജീവപര്യന്തം. വിധികളുടെ വൈജാത്യം പോലും വിശദീകരിക്കാന്‍ സാമാന്യ യുക്തി മതിയാകാതെ വരുന്നു സമയമാണ്. സ്‌പോട്ട്‌ലൈറ്റ് പരിശോധിക്കുന്നു. വധശിക്ഷയുടെ ശരിയും തെറ്റും.

വധശിക്ഷയുടെ ശരിയും തെറ്റും


കാട്ടുനീതി എന്നു പറയാറുണ്ടെങ്കിലും കാട്ടില്‍ ഭക്ഷിക്കാന്‍ അല്ലാതെ കൊല്ലുന്നത് ആനകളും പാമ്പുകളും മാത്രമാണ്. അവ രണ്ടും അതു ചെയ്യുന്നത് ജീവഭയം കൊണ്ടും സ്വരക്ഷയ്ക്കുമാണ്. മനുഷ്യര്‍ മാത്രമാണ് കഴിക്കാന്‍ അല്ലാതെ കൊന്നു കൂട്ടുന്നത്. പ്രതികാരം, അത്യാഗ്രഹം, അസൂയ എന്നീ മൂന്നു വികാരങ്ങളില്‍ ഒന്നാണ് മനുഷ്യര്‍ നടത്തുന്ന എല്ലാ കൊലപാതകങ്ങളുടേയും മൂലകാരണം. ഒരാള്‍ക്ക് വധശിക്ഷ നല്‍കിയതു കൊണ്ട് മറ്റൊരാളില്‍ ഈ വികാരങ്ങള്‍ ഉണ്ടാകാതെ ഇരിക്കുന്നില്ല എന്നാണ് മനുഷ്യന്റെ ചരിത്രം പഠിപ്പിക്കുന്നത്. ഈ മൂന്നു വികാരങ്ങളും നിയന്ത്രിക്കാന്‍ ഒരു മാര്‍ഗമേയുള്ളു. അത് മാനവികത പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ്. വളര്‍ത്തു ദോഷം എന്നത് രക്ഷിതാക്കളുടെ മാത്രമല്ല, അധ്യാപകരുടെ അലസത കൊണ്ടും സംഭവിക്കാം. അത്തരം തെറ്റുകള്‍ വധശിക്ഷ കൊണ്ട് തിരുത്താന്‍ കഴിയുമോ? ഒരു കാലത്ത് മതങ്ങള്‍ മാനവികത പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ മതങ്ങളുടെ പേരിലും വ്യാജമായി പഠിപ്പിക്കുന്നത് അപരവിദ്വേഷമാണ്. എന്തു കൊണ്ട് ഗ്രീഷ്മ കൊടും ക്രൂരത ചെയ്തു?


ALSO READ: "മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു; ഗ്രീഷ്മയുടേത് കടുത്ത വിശ്വാസ വഞ്ചന"


എന്തിനീ കൊടുംക്രൂരത?

റിപ്പറെപ്പോലെ ഒരുപാടു പേരെ ഗ്രീഷ്മ കൊന്നിട്ടില്ല. പക്ഷേ ഒരാളെ പല തവണ കൊല്ലാന്‍ ശ്രമിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിലോ സ്വരക്ഷയ്‌ക്കോ ആയുധം എടുത്തതല്ല. ഇരയായ ഷാരോണ്‍ ചതിക്കപ്പെട്ട് മരിക്കുന്ന നിമിഷം വരെ ഗ്രീഷ്മയെ സംശയിച്ചതുമില്ല. ഗ്രീഷ്മയെ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുമില്ല. ഷാരോണ്‍ നിയമത്തിനു മുന്നിലോ ധാര്‍മികതയുടെ മുന്നിലോ ഒരു തെറ്റും ചെയ്തിട്ടില്ല. ഗ്രീഷ്മയെ വിവാഹം കഴിച്ച ഷാരോണിന് ആ വീട്ടിലേക്കു ചെല്ലാനും ഒപ്പം താമസിക്കാനും നിയമപരമായ എല്ലാ അവകാശവും ഉണ്ടായിരുന്നു. ഇനി വിവാഹിതരല്ലെങ്കില്‍ കൂടി പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്താല്‍ ഒന്നിച്ചു താമസിക്കുന്നത് ഇപ്പോള്‍ കുറ്റവുമല്ല. പൂര്‍ണ വിശ്വാസത്തില്‍ ചെല്ലുന്ന ഷാരോണിനെ ആണ് ഗ്രീഷ്മ കൊന്നത്. പഴച്ചാറിലും കഷായത്തിലും വരെ പലവട്ടം വിഷം കലക്കി കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്. ഒരുപാട് പേരെ കൊന്നില്ലെങ്കിലും സീരിയല്‍ കൊല തന്നെയാണ് ഗ്രീഷ്മ നടത്തിയത്. ഒരാള്‍ക്കുമേല്‍ വധശ്രമങ്ങളുടെ പരമ്പര. അതോ, ഒരനിഷ്ടവും ജീവിതത്തില്‍ കാണിച്ചിട്ടില്ലാത്ത ഷാരോണിനോട്. ഇത്തരം സന്ദര്‍ഭത്തില്‍ പരമാവധി ശിക്ഷയ്ക്കായി വാദിക്കുന്നത് തെറ്റാണോ എന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം.


പരമാവധിക്ക് പരിധിയുണ്ടോ?

പരമാവധി ശിക്ഷ അനുഭവിക്കേണ്ട കുറ്റം ഗ്രീഷ്മ ചെയ്തു എന്ന് കോടതി കണ്ടെത്തുകയാണ്. ആ കുറ്റത്തിന് നീതി സംഹിത നല്‍കുന്ന ശിക്ഷ തൂക്കുകയറാണ്. അതു വിധിച്ചു. കീഴ്‌ക്കോടതി വിധിക്കുന്ന ഒരു ശിക്ഷയും അന്തിമമല്ല, പ്രത്യേകിച്ച് വധശിക്ഷ. ഹൈക്കോടതിയും സുപ്രീംകോടതിയും രാഷ്ട്രപതിയും അംഗീകരിച്ചാല്‍ മാത്രമെ വധശിക്ഷ നടപ്പാവുകയും ഉള്ളൂ. കഴിഞ്ഞ 33 വര്‍ഷത്തിനിടെ വധശിക്ഷ നടപ്പാക്കിയ ചരിത്രം കേരളത്തില്‍ ഇല്ല. ഈ സാഹചര്യങ്ങളില്‍ വധശിക്ഷ വിധിച്ചതിനെ പ്രതീകാത്മകമായി എടുക്കാന്‍ കഴിയുമോ? നെയ്യാറ്റിന്‍കര കോടതിയിലെ വിധി ന്യായത്തില്‍ ഏറെ വേദനിപ്പിക്കുന്ന ഒരു വാചകമുണ്ട്. ചുണ്ടു മുതല്‍ ജനനേന്ദ്രിയം വരെ നൊന്താണ് ഷാരോണ്‍ മരിച്ചത് എന്ന്. ഉള്ളിലെ ഓരോ അവയവും ദ്രവിച്ച് അതു നല്‍കിയ വേദന അനുഭവിച്ചായിരുന്നു ജീവന്‍ പോയത്. ശരിക്കും മരണഭയം അറിഞ്ഞുള്ള, വേദനിച്ചുള്ള മരണം. ആ കുറ്റത്തിന്റെ കാഠിന്യം ഗ്രീഷ്മയെ അറിയിക്കാനുള്ള ഉപാധിയായാണ് ഇവിടെ ജഡ്ജി വധശിക്ഷ വിധിക്കുന്നത്. അവിടെ ജഡ്ജിയുടെ മുന്നില്‍ സ്ത്രീ എന്നോ ചെറുപ്പമെന്നോ ഉള്ള പരിഗണന വരുന്നില്ല. കുറ്റവാളി മാത്രമാണ് മുന്നില്‍. ഇങ്ങനെ എത്രയൊക്കെ പറഞ്ഞാലും വധത്തിന് വധശിക്ഷ കൊണ്ട് പരിഹാരം നല്‍കാന്‍ കഴിയുമോ?


ALSO READ: ഈ പേര് മാത്രം പറയാതെ പോകുന്നത് ശരിയല്ല; ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പ് വൈറല്‍


തിരുത്തേണ്ടത് ജഡ്ജിയല്ല, നീതിസംഹിത

വധശിക്ഷ ഒഴിവാക്കാന്‍ വിചാരണ കോടതിയിലെ ഒരു ജഡ്ജി വിചാരിച്ചാല്‍ കഴിയില്ല. അസാധാരണങ്ങളില്‍ അസാധാരണം എന്നു കണ്ടെത്തിയാല്‍ പരമാവധി ശിക്ഷ വിധിക്കാന്‍ മാത്രമേ ന്യായാധിപന് കഴിയൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നീതി സംഹിതയില്‍ പരമാവധി ശിക്ഷ വധശിക്ഷയാണ്. അതു തിരുത്തേണ്ടത് പാര്‍ലമെന്റാണ്. വധശിക്ഷയ്ക്കു പകരം മറ്റെന്തു വേണം എന്ന് നമ്മുടെ ജനാധിപത്യം ചര്‍ച്ച ചെയ്യണം. റഫറണ്ടം എന്നത് ഇവിടെ ഭരണഘടനാപരം അല്ലാത്തതിനാല്‍ അഭിപ്രായ വോട്ട് സാധിക്കില്ല. എന്നാല്‍ പാര്‍ലമെന്റിന് ചര്‍ച്ച നടത്താം. പ്രധാനമന്ത്രിക്ക് സര്‍വകക്ഷി യോഗം വിളിക്കാം. കരട് ബില്ല് പൊതുജന അഭിപ്രായ രൂപീകരണത്തിനായി തുറന്നിടാം. അതിനു ശേഷം ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് വധശിക്ഷ ഉപേക്ഷിക്കാം. അതിനപ്പുറം ഈ നീതി സംഹിതയുമായി നിലയുറപ്പിച്ചിട്ട് വധശിക്ഷയോട് യോജിപ്പില്ല എന്നു പറയുന്നതില്‍ കാര്യമില്ല.

അന്ധവിശ്വാസങ്ങളുടെ നീര്‍ക്കയം



ഈ കേസില്‍ പക്ഷേ തിരുത്തേണ്ട ഒന്നുണ്ട്. അത് സമൂഹത്തില്‍ നിറയുന്ന ദുരഭിമാന ബാധയാണ്. ഒപ്പം താമസിച്ച ഒരാളുടെ കയ്യിലുള്ള ചിത്രങ്ങള്‍ ചോരുമോ എന്ന ഭയം. അതു ചോര്‍ന്നാല്‍ തന്നെ പക്വതയുള്ള സമൂഹത്തിലാണെങ്കില്‍ ഒരഭിമാനക്ഷതവും ഉണ്ടാകില്ല. അത്തരം സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ല എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകും. അതുതേടി പോകരുത് എന്ന ഉള്‍വിലക്കും ഉണ്ടാകും. ഏറ്റവും സ്വകാര്യമായ ചിത്രങ്ങള്‍ മാത്രമല്ല പൊതു സ്ഥലത്തുള്ള ചിത്രങ്ങള്‍ പോലും അനുമതി ഇല്ലാതെ പകര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തില്‍ തെറ്റാണ്. അങ്ങനെ ഒരു സ്വകാര്യ ചിത്രം പുറത്തുപോകുന്നതിനേക്കാള്‍ ഭേദമാണ് ഒരാളെ കൊല്ലുന്നത് എന്ന ചിന്തയാണ് ആ മനസ്സില്‍ ഉരുവമെടുത്തത്. ആ ഒരു മാസസികാവസ്ഥ ഏറിയും കുറഞ്ഞും ഇപ്പോഴത്തെ എല്ലാ കുറ്റകൃത്യങ്ങളിലുമുണ്ട്. അതിനെ ധീരമായി നേരിട്ടത് ആക്രമിക്കപ്പെട്ട നടിയാണ്. ഒരു ചിത്രം പുറത്തത്തുപോയാല്‍ ഇരയല്ല, പുറത്തുവിട്ടയാളാണ് കുറ്റക്കാരന്‍. അയാളാണ് വിചാരണ നേരിടേണ്ടത്. ഇവിടെ സങ്കടകരമായ ഒരു വസ്തുത കൂടിയുണ്ട്. ഷാരോണ്‍ ആ ചിത്രങ്ങള്‍ വച്ച് വിലപേശിയതിന് ഒരു തെളിവും ഇല്ല. ആ ചെറുപ്പക്കാരന് അത് നിഷ്‌കളങ്ക പ്രണയമായിരുന്നു. അതിനാല്‍ ഗ്രീഷ്മയ്ക്കു വിചാരണ കോടതി നല്‍കിയ ശിക്ഷയുടെ പരിശോധന നമുക്ക് ഹൈക്കോടതിക്കു വിട്ടുകൊടുക്കാം. സ്‌പോട്ട് ലൈറ്റ് ഇനി മറ്റൊരു വിഷയവുമായി നാളെ ഇതേ സമയം. നമസ്‌കാരം.

KERALA
ചേർത്ത് നിർത്തും, കൗൺസലിങ് നൽകും; അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയുടെ മാപ്പ് സ്വീകരിച്ചതായി സ്കൂൾ അധികൃതർ
Also Read
user
Share This

Popular

NATIONAL
KERALA
പുഷ്പക് എക്‌സ്പ്രസിൽ പുക കണ്ട് ഭയന്ന് പുറത്തേക്ക് ചാടി; മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം